പി ആര്‍ കലാകൃഷ്‍ണന്‍

മലയാള സിനിമയിപ്പോൾ ഒന്നടങ്കം കൗതുകത്തോടെ നോക്കുന്ന ഒരേയൊരു കാര്യമേയുള്ളു. മാസ്റ്റർ ഓഫ് മാസസ് എന്ന ടാഗ് ലൈനും മാസ്റ്റർ പീസ് എന്ന പേരും. അതിനു കാരണവുമുണ്ട്. പ്രേക്ഷകരെ അമ്പരപ്പിക്കാൻ മമ്മൂട്ടി പുതിയൊരു ഗെറ്റപ്പില്‍ എത്തുകയാണെന്നുറപ്പ്. എന്നാൽ അതെന്താണ് എന്ന് ഇതുവരെയും പുറത്തറിഞ്ഞിട്ടുമില്ല. ഹിറ്റ് തിരക്കഥാകൃത്ത് ഉദയകൃഷ്ണയുടെ രചനയിൽ അജയ് വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഏറെക്കാലത്തിനു ശേഷം മമ്മൂട്ടി കോളജ് ക്യാംപസിലെത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പണ്ട് മഴയെത്തും മുമ്പെ എന്ന സിനിമയിൽ കോളജ് പ്രൊഫസറായി എത്തിയ മമ്മൂട്ടിയുടെ കഥാപാത്രത്തിൽ നിന്നും വ്യത്യസ്തമായി ന്യൂജനറേഷൻ ക്യാംപസ് യുവത്വത്തിനിടയിലേക്ക് അതിലും ന്യൂജനറേഷനായൊരു കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ഇവിടെ മമ്മൂട്ടിക്കൊപ്പം ചെറുപ്പക്കാരുടെ ഒരു നീണ്ട താരനിരയുമുണ്ട്. മലയാളത്തിലെ ഏറ്റവും പുതിയ തലമുറയാണ് ഇവിടെ മമ്മൂട്ടിക്കൊപ്പം എത്തുന്നത്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്, ഉണ്ണി മുകുന്ദൻ, കൈലാഷ്, മക്ബൂൽ, വരലക്ഷമി ശരത്കുമാർ, പൂനം ബജ്‌വ തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തിലേത്.

സിനിമയുടെ വിശേഷങ്ങൾ ഇവിടെയും തീരുന്നില്ല. മമ്മൂട്ടിയുടെ സംഘട്ടന രംഗങ്ങൾ ഒരുക്കാനും എത്തുന്നുണ്ട് തെന്നിന്ത്യയിലെ ഏറ്റവും മികച്ച സംഘട്ടന സംവിധായകർ. സ്റ്റണ്ട് സിൽവ, കനൽ കണ്ണൻ, സിരുത്തൈ ഗണേഷ്, ജോളി മാസ്റ്റർ, മാഫിയ ശശി എന്നിവരാണ് ചിത്രത്തിലെ സംഘട്ടന സംവിധായകർ. ഇവിടെയാണ് സിനിമ മാസ്റ്റർ ഓഫ് മാസസ് എന്ന ടാഗ് ലൈനിനെ അക്ഷരാർഥത്തിൽ യഥാർഥ്യമാക്കുന്നത്.


മാസ്റ്റർ പീസ് നിർമ്മിക്കുന്നത് റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച് മുഹമ്മദാണ്.

മലയാളത്തിലെ ഏറ്റവും വലിയ ഇൻഷ്യൽ കളക്ഷൻ നേടിയ ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടിയുടെ പുതിയ സ്റ്റൈലിഷ് കാരക്ടർ എന്ന നിലയിലും മാസ്റ്റർ പീസ് ശ്രദ്ധ നേടുന്നു. സ്റ്റൈലിൽ എന്നും ഒരുപടി മുന്നിൽ നിൽക്കുന്ന മമ്മൂക്ക ഇത്തവണ ക്യാംപസിലെ ഹീറോ തന്നെയായി മാറുകയാണ് തന്റെ പുതിയ ഗെറ്റപ്പിലൂടെ

എഡ്വേർഡ് ലിവിംഗ്സ്റ്റൺ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. എഡ്ഡി എന്ന ചുരുക്കപ്പേരിലാണ് എഡ്വേർഡ് അറിയപ്പെടുന്നത്. ഇംഗ്ലീഷ് പ്രൊഫസറാണ് എഡ്ഡി. മാത്രമല്ല ക്യാംപസിലെ പൂർവ്വവിദ്യാർഥിയും. എഡ്ഡിയെ ക്യാംപസിലേക്ക് പ്രിൻസിപ്പൽ പ്രത്യേക താത്പര്യാർഥം ക്ഷണിച്ച് വരുത്തുന്നതാണ്. കാരണം ക്യാംപസിന്റെ ഇപ്പോഴത്തെ അവസ്ഥ പ്രിൻസിപ്പലിന് അത്ര സമാധാനം നൽകുന്നതല്ല. ചേരി തിരിഞ്ഞ് സകല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന കോളജ് പയ്യൻമാർ പ്രിസൻസിപ്പലിന് തലവേദന തന്നെയാണ്. ഇവരെ ഒരുക്കണമെങ്കിൽ ഇവരേക്കാൾ വലിയൊരു റിബൽ ക്യാംപസിലേക്ക് എത്തണം. അതിനുള്ള പ്രിൻസിപ്പലിന്റെ ചോയിസാണ് എഡ്ഡി. ക്യാംപസ് ജനറേഷൻ സകല സ്റ്റൈലുകളും ജാഡകളും തകർത്ത് കൊണ്ട് അവരേക്കാൾ ചെറുപ്പമായിട്ടാണ് എഡ്ഡിയുടെ ക്യാംപസിലേക്കുള്ള മാസ് എൻട്രി. തുടർന്നുള്ള സംഭവങ്ങളാണ് മാസ്റ്റർ പീസ് എന്ന സിനിമയിൽ പറയുന്നത്. വരുന്ന പൂജാ അവധിക്കാല റിലീസായിട്ടാണ് മാസ്റ്റർ പീസ് തിയറ്ററുകളിലെത്തുക.