കൊച്ചി: മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിന് ആറു കോടി രൂപയ്ക്ക് മേല്‍ ആദ്യ ദിന കളക്ഷന്‍ കിട്ടിയെന്ന വാര്‍ത്തയെ തള്ളി നിര്‍മ്മാതാക്കളായ റോയല്‍ സിനിമാസ്. റിലീസ് ദിനമായ ഇന്നലെ മാസ്റ്റര്‍പീസ് കേരളത്തില്‍ 1287 ഷോകള്‍ പൂര്‍ത്തിയാക്കിയെന്നും തങ്ങളുടെ ആദ്യദിന കളക്ഷന്‍ ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ലെന്നും റോയല്‍ സിനിമാസ് അവരുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

വ്യാജമായ കണക്കുള്‍ നിരത്തിയാണ് ഫെയ്‌സ്ബുക്ക് പേജുകള്‍ തങ്ങളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പെരുപ്പിച്ച് കാണിക്കുന്നതെന്നും തങ്ങള്‍ ഔദ്യോഗികമായി തന്നെ കണക്കുകള്‍ പുറത്തുവിടുമെന്നും വ്യാജപ്രചരണങ്ങളില്‍ വീഴരുതെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍പീസ് ഇന്നലെയാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രത്തെ മാസ് പരിവേഷത്തിലാണ് അണിയറക്കാര്‍ അവതരിപ്പിച്ചിരുന്നത്.