അമരം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി അഭിയിച്ച് മലയാളികളുടെ മനം കവര്‍ന്ന താരമാണ് മാതു. നടി വീണ്ടും വിവാഹിതയായത് ഇയിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഇതിനോടൊപ്പം തന്നെ വിവാഹത്തിനായി മതം മാറി എന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. മതം മാറിയതിന്റെ കാരണം മാതു തന്നെ വ്യക്തമാക്കുന്നു.

 "വിവാഹം കഴിക്കാനല്ല മതം മാറിത്. അമരത്തില്‍ അഭിനയിക്കുന്ന സമയത്ത് തന്നെ ക്രിസ്തുമതത്തില്‍ വിശ്വസിച്ച് തുടങ്ങിയിരുന്നു. അതിന് പിന്നില്‍ വലിയൊരു കഥയുണ്ട്. കുട്ടേട്ടന്‍ എന്ന സിനിമയില്‍ എന്നെ തേടി നല്ലൊരു റോള്‍ എത്തി. പെരുന്തച്ചനിലെ ചിത്രീകരണത്തിനായി ഒരുങ്ങിയിരിക്കുമ്പോഴാണ് എനിക്ക് വച്ചിരുന്ന റോളില്‍ മോനിഷ അഭിനയിച്ച് തുടങ്ങി എന്നറിയുന്നത്. വല്ലാത്ത വിഷമം തോന്നി.

വിഷമം സഹിക്കാനാവത്ത എന്നെയും കൂട്ടി അമ്മ സഹായമാതാ പള്ളിയിലേക്ക് പോയി. മാതാവിന് മുന്നില്‍ കരഞ്ഞ് പ്രാര്‍ത്ഥിച്ചു. വീട്ടിലെത്തിയ എന്നെ തേടി ഒരു ഫോണ്‍ കോള്‍ എത്തി. അമരത്തില്‍ അഭിനയിക്കാനുള്ള അവസരമായിരുന്നു അത്. ആരോ പറ്റിക്കാന്‍ വിളിച്ചതാണെന്നാണ് കരുതിയത്. ചെറിയ റോളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിന്നീടാണ് അറിഞ്ഞത്. മമ്മൂട്ടിയുടെ മകളായിട്ടാണ് അഭിനയികേണ്ടതെന്ന്. വളരെ സന്തോഷം തോന്നി.

അന്നുമുതല്‍ ജീസസിനെ വിശ്വസിച്ചു. അച്ഛന്റെയും അമ്മയുടെയും പിന്തുണയോടെ മതം മാറി പേരു മാറ്റി. ഇപ്പോള്‍ മകളേയും ആ വിശ്വാസ പ്രകാരം വളര്‍ത്തുന്നു. മുടങ്ങാതെ പള്ളിയില്‍ പോകാറുണ്ട്". മാതു പറഞ്ഞു.