താര സംഘടനയായ അമ്മയുടെ ആദ്യ വനിതാ സെല്‍ യോഗത്തിലും മീടൂ ആരോപണങ്ങള്‍. യോഗത്തിനെത്തിയ മുതിര്‍ന്ന നടിമാരുള്‍പ്പടെയുള്ളവര്‍ നടന്‍മാരില്‍ നിന്നുണ്ടായ ദുരനുഭങ്ങള്‍ തുറന്നു പറഞ്ഞു. വീഡിയോയില്‍ പകര്‍ത്തിയ യോഗ ദൃശ്യങ്ങള്‍ പുറത്തുപോകുമോ എന്ന ഭയത്തിലാണ് ഇന്ന് താര സംഘടനാ നേതൃത്വം.

കൊച്ചി: താര സംഘടനയായ അമ്മയുടെ ആദ്യ വനിതാ സെല്‍ യോഗത്തിലും മീടൂ ആരോപണങ്ങള്‍. യോഗത്തിനെത്തിയ മുതിര്‍ന്ന നടിമാരുള്‍പ്പടെയുള്ളവര്‍ നടന്‍മാരില്‍ നിന്നുണ്ടായ ദുരനുഭങ്ങള്‍ തുറന്നു പറഞ്ഞു. വീഡിയോയില്‍ പകര്‍ത്തിയ യോഗ ദൃശ്യങ്ങള്‍ പുറത്തുപോകുമോ എന്ന ഭയത്തിലാണ് ഇന്ന് താര സംഘടനാ നേതൃത്വം.

സിനിമാ മേഖലയിലെ ലൈംഗീക ചൂഷണം തടയുന്നതിന് വനിതാ സെല്‍ രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് അമ്മയിലെ ഒരുവിഭാഗത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനിതാ യോഗം വിളിച്ചത്. കഴിഞ്ഞ പത്തൊമ്പതിന് അമ്മ എക്സിക്യൂട്ടീവ് യോഗത്തിനുശേഷമായിരുന്നു മറ്റ് ഒമ്പത് നടിമാര്‍ പങ്കെടുത്ത യോഗം കൊച്ചിയില്‍ നടന്നത്. മഞ്ജു പിള്ള, ഷംന കാസിം, സീനത്ത്, തസ്നി ഖാന്‍, ലക്ഷ്മി പ്രിയ, ബീനാ ആന്‍റണി, ഉഷ, ലിസി ജോസ്, പ്രിയങ്ക എന്നിവരായിരുന്നു യോഗത്തിനെത്തിയത്. സിനിമാ മേഖലയില്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം പലരും യോഗത്തില്‍ തുറന്നു പറഞ്ഞു. മീറ്റൂ വെളിപ്പെടുത്തലിന് സമാനമായിരുന്നു പലതും. 

പഴയതു മുതല്‍ അടുത്ത കാലത്തുണ്ടായ സംഭവങ്ങള്‍ വരെയുണ്ടായിരുന്നു. ഈ സ്ഥിതി മാറണമെന്നും പൊതു അഭിപ്രായമുയര്‍ന്നു. ദിലീപ് വിഷയം ചര്‍ച്ച ചെയ്യേണ്ടെന്നായിരുന്നു ചിലരുടെ നിലപാട്. നിയമം നിയമത്തിന്‍റെ വഴിയ്ക്ക് പോകട്ടെയെന്നും അഭിപ്രായം ഉയര്‍ന്നു. കെപിഎസി ലളിതയുടെ പല നിലപാടുകളും വിമര്‍ശനത്തിന് വഴിവച്ചു. അമ്മയ്ക്കു വേണ്ടി ഈ യോഗം റെക്കാഡ് ചെയ്തിരുന്നു. യോഗത്തിനെത്തിയ നടികളിലൊരാളും ചര്‍ച്ചകള്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. അമ്മയെ പ്രതിസന്ധിയിലാക്കുന്നതും ഇക്കാര്യമാണ്. തെളിവു കൈയ്യിലിരിക്കേ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ എന്ത് നടപടിയെടുക്കുമെന്ന ചോദ്യം.