Asianet News MalayalamAsianet News Malayalam

മരിക്കാത്ത ദൃശ്യങ്ങള്‍: 'നീലാംബരിയില്‍' കണ്ണീരണിയിച്ച് ബാലഭാസ്കറും ജാനിയും

ബാലഭാസ്കര്‍, അതൊരു അനുഭവമായിരുന്നു. വയലിനെ പ്രണയിച്ച്, കാത്തിരുന്നു കിട്ടിയ മകളെ നെഞ്ചോട് ചേര്‍ത്ത് ഭാര്യയ്ക്ക് കാര്യക്കാരനായ കലാകാരന്‍. അതുകൊണ്ട് തന്നെയാകാം ബാലഭാസ്കറിന്‍റെയും മകളുടെയും വിയോഗം, മലയാളിയുടെ മനസില്‍ ഒരു കുടുംബാംഗത്തിന്‍റെ വേര്‍പാടോളം വേദനിപ്പിക്കുന്നതും.

mentalist adhi sharing new video of balabhaskar and daughter thejaswini bala
Author
Trivandrum, First Published Oct 7, 2018, 8:40 PM IST

ബാലഭാസ്കര്‍, അതൊരു അനുഭവമായിരുന്നു. വയലിനെ പ്രണയിച്ച്, കാത്തിരുന്നു കിട്ടിയ മകളെ നെഞ്ചോട് ചേര്‍ത്ത് ഭാര്യയ്ക്ക് കാര്യക്കാരനായ കലാകാരന്‍. അതുകൊണ്ട് തന്നെയാകാം ബാലഭാസ്കറിന്‍റെയും മകളുടെയും വിയോഗം, മലയാളിയുടെ മനസില്‍ ഒരു കുടുംബാംഗത്തിന്‍റെ വേര്‍പാടോളം വേദനിപ്പിക്കുന്നതും.

ആ ഓര്‍മകളില്‍ ഒഴുകുകയാണ് ദിവസങ്ങള്‍ക്ക് ശേഷവും സോഷ്യല്‍ മീഡിയ. ബാലഭാസ്കറിന്‍റെ വയലിനില്‍ തീര്‍ത്ത മാന്ത്രിക സ്വരങ്ങള്‍ ആസ്വദിക്കുകയും പങ്കുവയ്ക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. ആ ഓര്‍മകളെ താലോലിച്ചുകൊണ്ടേയിരിക്കുന്നു. ഇതിനിടയില്‍ ഇതുവരെ സോഷ്യല്‍ മീഡിയയില്‍ കാണാത്താ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മെന്‍റലിസ്റ്റ് ആദി. 

ബാലഭാസ്കറിന്‍റെ ചിതാഭസ്മം നിമഞ്ജനം ചെയ്തു, ഇതുവരെ സ്വകാര്യ അഹങ്കാരമായി സൂക്ഷിച്ച ഈ വീഡിയോ റിലീസ് ചെയ്യുന്നു എന്ന കുറിപ്പോടെയാണ് ആദി വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മകള്‍ ജാനി(തേജസ്വിനി) ആദ്യമായി ബാലബാസ്കറിന്‍റെ പരിപാടി കാണാനെത്തിയപ്പോള്‍ ഉള്ള വീഡിയോ ആണിത്.

പരിപാടി തുടങ്ങും മുമ്പ് വാത്സല്യം നിറയുന്ന അച്ഛനാകുന്നു ബാലഭാസ്കര്‍. വാത്സല്യം നിറയുന്ന നീലാംബരി രാഗത്തില്‍ സദസിന്‍റെ സമ്മതത്തോടെ വിരലുകള്‍ ചലിപ്പിക്കുന്ന ബാലഭാസ്കറിന്‍റെ മുഖവും അത് നോക്കിയിരിക്കുന്ന മകള്‍ ജാനിയുടെ മുഖവും ഏറെ വേദനിപ്പിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയല്‍ വന്‍ പ്രതികരണമാണ് മണിക്കൂരുകള്‍ക്കകം തന്നെ വീഡിയോക്ക് ലഭിച്ചത്. 

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരത്തെ ആശുപത്രിയില്‍ അന്തരിച്ചത്. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതിനിടെയുണ്ടായ ഹൃദയാഘാതമായിരുന്നു മരണകാരണം. മകള്‍ തേജസ്വിന് അപകടസമയത്ത് തന്നെ മരിച്ചിരുന്നു. ബാലുവിന്‍റെ ഭാര്യ ലക്ഷ്മിയും ഡ്രൈവറും ഇപ്പോഴും ചികിത്സയിലാണ്.

ലക്ഷ്മിക്കു ബോധം തെളിഞ്ഞുവെന്ന്  സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസി അറിയിച്ചിട്ടുണ്ട്. എന്നാൽ ലക്ഷ്മിക്കു സംസാരിക്കാൻ കഴിയുന്നില്ല. ബാലഭാസ്കറിന്റെയും  മകൾ തേജസ്വിനി ബാലയുടെയും മരണം അവരെ അറിയിച്ചിട്ടില്ലെന്നും സ്റ്റീഫൻ പറഞ്ഞു. തിങ്കളാഴ്ചയോടെ ലക്ഷ്മിയെ വെന്റിലേറ്ററിൽനിന്നു മാറ്റുമെന്നാണു പ്രതീക്ഷയെന്നും സ്റ്റീഫൻ കൂട്ടിച്ചേർത്തു.

സ്റ്റീഫന്റെ വാക്കുകള്‍ ഇങ്ങനെ: 'ഇന്നലെ വൈകിട്ട് ലക്ഷ്മിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ടു ഡോ. സുരേഷിനോടു സംസാരിച്ചിരുന്നു. ലക്ഷ്മി കഴിഞ്ഞ ദിവസം കണ്ണുതുറന്നതായി ഡോക്ടർ അറിയിച്ചു. ലക്ഷ്മിക്കു ബോധം തെളിഞ്ഞിരുന്നു. ഇപ്പോൾ അവർക്ക് എല്ലാം കേൾക്കാനും കാണാനും തിരിച്ചറിയാൻ കഴിയുന്നുണ്ട്. അവർ പ്രതികരിക്കുന്നുണ്ട്. പക്ഷേ, സംസാരിക്കാൻ സാധിക്കുന്നില്ല. ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണ്. 

ദുരന്തത്തെക്കുറിച്ച് അവർക്കിപ്പോഴും ഒന്നും അറിയില്ല. അവരോട് എങ്ങനെ ഇതു പറയുമെന്നറിയില്ല. തിങ്കളാഴ്ചയോടെ ലക്ഷ്മിയെ വെന്റിലേറ്ററിൽനിന്ന് ഐസിയുവിലേക്കോ റൂമിലേക്കോ മാറ്റാൻ സാധിക്കുമെന്നാണു പ്രതീക്ഷ. ലക്ഷ്മി ഉറപ്പായും തിരിച്ചുവരും എന്നാണു ഡോക്ടർ പറയുന്നത്. 

അതു പോസിറ്റീവ് ആയി നമുക്ക് കാണാം. ലക്ഷ്മിയെ ബാലയുടെ കുടുംബവും അവരുടെ കുടുംബവും ഈ വിവരങ്ങളെല്ലാം അറിയിക്കേണ്ടതുണ്ട്. ലക്ഷ്മിക്ക് ഇതെല്ലാം കേള്‍ക്കാനുള്ള ആത്മധൈര്യം ഉണ്ടാകട്ടെ എന്നു നമുക്ക് പ്രാർഥിക്കാം. ലക്ഷ്മിക്ക് എങ്ങനെ താങ്ങാന്‍ പറ്റുമെന്ന് അറിയില്ല. ബാലുവിനെ സ്നേഹിക്കുന്നവരെല്ലാം പ്രാർഥിക്കും.'

Follow Us:
Download App:
  • android
  • ios