ചെന്നൈ: മെര്‍സല്‍ ചിത്രം വിവാദങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ പ്രതികരണവുമായി നടന്‍ വിജയ്. തന്‍റെ മതം മനുഷ്യമതമാണെന്ന് വിജയ് പറഞ്ഞുവെന്നാണ് ചില കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെര്‍സല്‍ വിവാദത്തില്‍ പിന്തുണ അറിയിച്ച് തന്നെ വന്നു കണ്ട സുഹൃത്തുക്കളോടാണ് വിജയ് നിലപാട് അറിയിച്ചത്. 

മതത്തേക്കാള്‍ മനുഷ്യനെയാണ് ആദ്യം സ്‌നേഹിക്കേണ്ടത്. തന്റെ പേര് ഒരിക്കലും മാറ്റിയിട്ടില്ലെന്നും വിജയ് പറഞ്ഞു. താന്‍ എന്തോ കുറ്റം ചെയ്തു എന്ന തരത്തില്‍ പ്രചാരണം നടത്തുന്നത് സങ്കുചിത താല്‍പ്പര്യക്കാരാണെന്നും വിജയ് പറഞ്ഞു. അതേസമയം വിജയ് പരസ്യപ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. 

ഇത്തിരി വൈകിയാലും വിജയ് പരസ്യപ്രതികരണം നടത്തുമെന്നാണ് അറിയുന്നത്. ഇതിനിടെ വിജയിയുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ നിലപാടുകള്‍ തമിഴ് രാഷ്ട്രീയത്തില്‍ വ്യാപക ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. 

തമിഴകത്ത് ഒരു മാറ്റം കൊണ്ടു വരാന്‍ കമല്‍ഹാസനോ രജനീകാന്തോ മുന്നിട്ടിറങ്ങിയാല്‍ വിജയ് അവര്‍ക്കൊപ്പമുണ്ടാകുമെന്നായിരുന്നു എസ്.എ ചന്ദ്രശേഖറിന്റെ പ്രതികരണം. മികച്ച നേതാവാകാനുള്ള പക്വത മകനുണ്ടെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. 

എച്ച്. രാജയെപ്പോലുള്ള ബി.ജെ.പി നേതാക്കള്‍ ഇടുങ്ങിയ ചിന്താഗാതിക്കാരനാണ്. താന്‍ ക്രിസ്ത്യാനിയോ ഹിന്ദുവോ മുസ്ലീമോ മനുഷ്യനാണെന്നും ചന്ദ്രശേഖര്‍ തുറന്നടിച്ചിരുന്നു. മെര്‍സലിനെ പിന്തുണച്ച കമലോ രജനീയോ രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ വിജയ് പിന്തുണ നല്‍കുമെന്നാണ് സൂചന.

മെര്‍സല്‍ എന്ന ചിത്രത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഡയലോഗുകള്‍ വിജയ് കഥാപാത്രം പറയുന്നുണ്ട്. ഇതാണ് ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ചത്. ചിത്രത്തില്‍ നിന്നും പ്രസ്തുത സീനുകള്‍ നീക്കം ചെയ്യണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.