സീരിയലില്‍ എത്തുന്നതിന് മുന്‍പുള്ള ജീവിതത്തെക്കുറിച്ച് അരുണ്‍ ഒളിമ്പ്യന്‍
ടെലിവിഷൻ പ്രേക്ഷകർ നെഞ്ചേറ്റിയ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപ്പൂവ്. അരുൺ ഒളിംപ്യനാണ് പരമ്പരയിലെ പ്രധാന കഥാപാത്രമായ സച്ചിയെ അവതരിപ്പിക്കുന്നത്. വെള്ളരിക്കാപ്പട്ടണം, സിബിഐ 5, 2028 തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള അരുണിന് അതിനു ശേഷമാണ് സീരിയലിലേക്കുള്ള വിളിയെത്തുന്നത്. ഇതിനിടെ ടൊവിനോയുടെ ഡ്യൂപ്പായും താരം ചില സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ന് കാണുന്ന നിലയിൽ എത്താനും അവസരങ്ങൾ ലഭിക്കാനുമൊക്കെ താൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്ന് പറയുകയാണ് അരുൺ. സൈന സൗത്ത് പ്ലസിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ജൂനിയർ ആർടിസ്റ്റായും മോഡലായുമൊക്കെ കഴിഞ്ഞ ഒരു സമയം ഉണ്ടായിരുന്നു എന്നും അന്നൊന്നും മുന്നോട്ടു പോകാനുള്ള വഴിയുണ്ടായിരുന്നില്ലെന്നും അരുൺ അഭിമുഖത്തിൽ പറയുന്നു. ''വാടക കൊടുക്കണം, ഭക്ഷണം കഴിക്കണം. ഇതൊന്നും വീട്ടിൽ അറിയിക്കാൻ പറ്റില്ല. എനിക്ക് ജീവിക്കാനുള്ള വകയൊക്കെ അച്ഛൻ നേരത്തേ തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. പിന്നെ ഞാൻ എന്തിനാണ് ഇങ്ങനെ ജീവിക്കുന്നതെന്ന ചോദ്യം വരും. ഒരു സമയത്ത് യാതൊരു ജോലിയും കിട്ടാതെ ആയി. ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടി. വെള്ളം കുടിച്ച് കഴിഞ്ഞ അവസരം ഉണ്ടായിരുന്നു. പച്ചവെള്ളം കുടിച്ച് ജീവിച്ചിരുന്നു. ഒരു ദിവസം നാട്ടിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോഴാണ് ചെമ്പനീർപൂവിലെ ഡയറക്ടർ നായകനായി വിളിക്കുന്നത്'', എന്നും അരുൺ അഭിമുഖത്തിൽ പറഞ്ഞു.
കോഴിക്കോട് ബാലുശേരി സ്വദേശിയായ അരുൺ ഒളിംപ്യൻ ഒരു ആർക്കിടെക്ട് കൂടിയാണ്. അച്ഛൻ, അമ്മ, ചേട്ടൻ എന്നിവർ അടങ്ങുന്നതാണ് കുടുംബം. ഒളിംപ്യൻ എന്ന പേരിൽ കോഴിക്കോട് ഒരു ജിമ്മും അരുൺ നടത്തുന്നുണ്ട്. ജിമ്മിന്റെ പേരു തന്നെ സ്വന്തം പേരിനൊപ്പം താരം ചേർക്കുകയായിരുന്നു. ഫോട്ടോഷൂട്ടിലും മോഡലിങ്ങിലൂടെയുമാണ് അരുൺ കരിയറിന് തുടക്കം കുറിച്ചത്. ഇതിലൂടെയാണ് സിനിമയിൽ അവസരം ലഭിച്ചത്.

