'സാന്ത്വനം', 'ബിഗ് ബോസ്' എന്നിവയിലൂടെ ശ്രദ്ധേയയായ നടി അപ്സര, കഴിഞ്ഞ വർഷം കടുത്ത പ്രതിസന്ധികൾ നിറഞ്ഞതായിരുന്നുവെന്ന് പറയുന്നു. മാനസികവും ശാരീരികവും സാമ്പത്തികവുമായ പോരാട്ടങ്ങൾ നിറഞ്ഞ വർഷം ജീവിതത്തെക്കുറിച്ച് ഒരുപാട് പഠിപ്പിച്ചെന്നും താരം.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊന്നാണ് നടി അപ്സര. സാന്ത്വനം സീരിയലിലെ പ്രതിനായക കഥാപാത്രം ജയന്തിയെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ അപ്‌സര, പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ പുതുവർഷത്തോടനുബന്ധിച്ച് അപ്സര സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്. 2025 പോലെ ഒരു വർഷം ഇനി എന്റെ ജീവിതത്തിൽ വരാതിരിക്കട്ടെ എന്നാണ് അപ്സര പോസ്റ്റിൽ പറയുന്നത്.

''ഒരു പുതിയ തുടക്കം. ഇനി വരാനിരിക്കുന്നതെല്ലാം നല്ലതാകട്ടെ, 2025 പോലെ ഒരു വർഷം ഇനി എന്റെ ജീവിതത്തിൽ വരാതിരിക്കട്ടെ. മാനസികമായും, ശാരീരികമായും, സാമ്പത്തികമായും നേരിടേണ്ടി വന്ന ഒട്ടേറെ പോരാട്ടങ്ങളും അനുഭവങ്ങളുമായി ജീവിതം എന്താണെന്ന് എന്നെ പഠിപ്പിച്ച വർഷം. എന്നിലെ നന്മയും എന്നിലെ തിന്മയും തിരിച്ചറിയാൻ എന്നെ സഹായിച്ച വർഷം... മനുഷ്യൻ യഥാർത്ഥത്തിൽ എന്താണെന്ന് മനസിലാക്കി തന്ന വർഷം. തുറന്ന മനസ്സിനേക്കാൾ ഉള്ളിൽ പലതും ഒതുക്കി പുറത്തേക്ക് ചിരിച്ചു കാണിക്കുന്നതാണ് നല്ലത് എന്ന് പഠിപ്പിച്ച വർഷം..ഒരു പരിധിക്കു മീതെ ആരെയും സ്നേഹിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത് എന്ന് പഠിപ്പിച്ച വർഷം. കാണുന്നതെല്ലാം നല്ലതല്ലെന്ന് ബോധ്യപ്പെടുത്തിയ വർഷം. ഓരോ കാര്യത്തിന്റെയും മൂല്യവും, നല്ലതും മോശവും തിരിച്ചറിയാനുള്ള കഴിവ് നൽകി തന്ന വർഷം.

View post on Instagram

എന്നെക്കുറിച്ച് എനിക്ക് തന്നെ അഭിമാനം തോന്നുന്നു. ലഭിച്ച എല്ലാ സന്തോഷങ്ങൾക്കും, നേട്ടങ്ങൾക്കും, നല്ല നിമിഷങ്ങൾക്കും, നല്ലതിലും മോശത്തിലും ഒപ്പം നിന്ന എല്ലാവർക്കും നന്ദി കൂടെ നിന്നവർക്കും, പിന്നിൽ നിന്ന് കുത്തിയവർക്കും, കൂടെ നടന്നവർക്കും പ്രത്യേകം നന്ദിയുണ്ട് കേട്ടോ. പ്രശംസിച്ചവർക്കും, വിമർശിച്ചവർക്കും നന്ദി ഒരുപാട് തിരിച്ചറിവുകളോടെ…ഇത് ഒരു പുതിയ തുടക്കമാണ്'', എന്നാണ് അപ്സര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്