2025ലെ കുംഭമേളയിൽ മാല വിറ്റ് ജീവിച്ചിരുന്ന മൊണാലിസ എന്ന മോനി ബോൺസ്‌ലെ, ക്യാമറയിൽ പതിഞ്ഞതോടെ വൈറലായിരുന്നു. 100 രൂപയ്ക്ക് മാല വിറ്റിരുന്ന മൊണാലിസ ഇന്ന് ആല്‍ബങ്ങളിലും സിനിമകളിലും അഭിനയിക്കുകയാണ്.

ജീവിതം അങ്ങനെയാണ്, ഒട്ടും പിടിതരാതെ പ്രതീക്ഷയില്ലാതെ മാറി മറിയും. അതുവരെ ജീവിച്ച, കഷ്ടപ്പെട്ട ജീവിതമാകില്ല പിന്നീട് അങ്ങോട്ട്. ഇങ്ങനെ ജീവിതം മാറിയ പലരേയും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ നമുക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്. കണ്ണടച്ച് തുറക്കുന്ന നിമിഷം കൊണ്ടാണ് അവരുടെ ജീവിതം മാറിയത്. അക്കൂട്ടത്തിലൊരാളാണ് മൊണാലിസ എന്ന മോനി ബോണ്‍സ്ലെ. 2025ൽ നടന്ന മഹാകുംഭ മേളയിൽ മാല വിൽക്കാൻ വന്ന ഈ വെള്ളാരം കണ്ണുള്ള പെണ്ണ് ക്യാമറ കണ്ണുകളിൽ ഉടക്കിയതോടെ കഥ മാറി. അന്ന് ജീവിക്കാനായി 100 രൂപയ്ക്ക് മാല വിറ്റ മൊണാലിസ ഇന്ന് നടിയാണ്. സിനിമകളിലും ആൽബങ്ങളിലും അഭിനയിച്ച് താൻ സ്വപ്നം കണ്ട ജീവിതം ആസ്വദിക്കുകയാണ് അവരിപ്പോൾ.

ഹിന്ദി ആൽബങ്ങളിലൂടെയാണ് മൊണാലിസ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നാലെ ഏതാനും സിനിമകളുടെ കരാറിലും ഒപ്പുവച്ചു. പലതിന്റെയും ചിത്രീകരണം പുരോ​ഗമിക്കുകയാണ്. തെലുങ്ക് സിനിമയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ് മൊണാലിസ ഇപ്പോൾ. ചിത്രത്തിന്റെ പൂജ നവംബറിൽ നടന്നിരുന്നു. 2026ൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലൈഫ് എന്നാണ് ചിത്രത്തിന്റെ പേര്. സായി ചരൺ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീനു ആണ്. പുതിയൊരു ആല്‍ബം ജനുവരി 5ന് റിലീസ് ചെയ്യും. 

"എൻ്റെ ജീവിതത്തിൽ പുതിയൊരു അധ്യായം ആരംഭിക്കുന്നതിന്റെ ത്രില്ലിലാണ് ഞാൻ. ഉടൻ തന്നെ ഞാൻ തെലുങ്ക് പഠിക്കും. പ്രേക്ഷകരുമായി സംവദിക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യും," എന്നായിരുന്നു ലോഞ്ചിനിടെ താരം പറഞ്ഞത്. നാ​ഗമ്മ എന്ന മലയാള ചിത്രത്തിലും മൊണാലിസ അഭിനയിക്കുന്നുണ്ട്. പി കെ ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൈലാഷ് ആണ് നായകൻ. ഒരിക്കൽ 100 രൂപയ്ക്ക് മാല വിറ്റിരുന്ന മൊണാലിസയ്ക്ക് ഇന്ന് ഒരു ആൽബത്തിന് ഒന്നും രണ്ടും ലക്ഷം വരെ പ്രതിഫലമായി ലഭിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

മൊണാലിസയുടെ പുതിയ വിശേഷങ്ങൾ കേട്ട് മനംനിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. 2025ൽ ശരിക്കും ജീവിതം മാറി മറിഞ്ഞ ഏക വ്യക്തിയാണ് മൊണാലിസ എന്നാണ് ഇവർ പറയുന്നത്. ഒപ്പം താരത്തിന് ആശംസകൾ അറിയിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തമായി വീട് വയ്ക്കണമെന്നതാണ് മൊണാലിസയുടെ ഏറ്റവും വലിയ ആ​ഗ്രഹം. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസയെ കുംഭമേളയിൽ വച്ച് 'ബ്രൗൺ ബ്യൂട്ടി' എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്