തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം മാത്രം പിണറായി വിജയനെപ്പോലുള്ള നേതാക്കളെ കുറ്റപ്പെടുത്തുന്നതിനെ നടി മല്ലിക സുകുമാരൻ വിമർശിച്ചു. തെറ്റുകൾ സംഭവിച്ചാൽ അപ്പോൾത്തന്നെ ചൂണ്ടിക്കാണിക്കണം, അല്ലാതെ അധികാരം നഷ്ടപ്പെടുമ്പോൾ ആകരുതെന്ന് അവര്‍ പറഞ്ഞു.

ലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മല്ലിക സുകുമാരൻ. മല്ലികാമ്മ എന്ന വിളിയിൽ തന്നെ പ്രകടമാണ്. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതവുമായി മുന്നോട്ട് കൊണ്ടുപോകുന്ന മല്ലിക രാഷ്ട്രീയ-സാമൂഹി-കലാപരമായ കാര്യങ്ങളിൽ തന്റേതായ അഭിപ്രായങ്ങൾ തുറന്നു പറയാൻ മടികാണിക്കാത്ത ആളുകൂടിയാണ്. ഇപ്പോഴിതാ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ കുറിച്ച് മല്ലിക പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ പിണറായി വിജയന് എതിരെ പാർട്ടിക്കുള്ളിൽ നിന്നും വന്ന പ്രശ്നങ്ങളിലായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം. "തടസ്സങ്ങള്‍ പാര്‍ട്ടിക്ക് ഉള്ളില്‍ നിന്നും വരുന്നതാണ്. ഇപ്പോള്‍ പിണറായി വിജയനെ കുറ്റം പറയുന്നുണ്ട്. എന്തുകൊണ്ട് അത് നേരത്തെ പറഞ്ഞില്ല? തോറ്റപ്പോഴാണോ പറയുന്നത്?. പണ്ട് അങ്ങനെ ചെയ്തു എന്നൊക്കെ. അതിപ്പോള്‍ കണ്ണൂരുകാരായാലും തിരുവനന്തപുരംകാര് പറഞ്ഞാലും തെറ്റാണെന്നുള്ള അഭിപ്രായക്കാരിയാണ് ഞാന്‍. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അപ്പോള്‍ പറയണം. അന്ന് ഭരിക്കുന്നു. അതുകൊണ്ട് നേട്ടമുണ്ട്. ഇപ്പോള്‍ ഭരണം പോയി. എന്തൊക്കെയോ കിട്ടാതെ പോകും എന്ന ചിന്ത. ഇന്നലെ വരെ ഇല്ലാത്ത കുറ്റം. മുന്‍ മുഖ്യമന്ത്രി മരുമകനെ മന്ത്രിയാക്കി. എന്തേ ഇപ്പോഴില്ലേ? ഭര്‍ത്താവ് എംപി, ഭാര്യ മന്ത്രി.. ഇതിന് മുന്‍പും നടന്നിട്ടില്ലേ", എന്നായിരുന്നു മല്ലികയുടെ വാക്കുകൾ.

"എത്ര വലിയ ആളാണെങ്കിലും, മുഖ്യമന്ത്രി ആണെങ്കില്‍ പോലും അവരെ എങ്ങനെയാണ് അനാവശ്യമായി കുറ്റം പറയുന്നത് ? എനിക്കത് മനസിലാകാത്ത കാര്യമാണ്. പുതിയൊരു മന്ത്രിസഭ വരുമ്പോള്‍, അതിന് മുന്‍പ് അവര്‍ പ്രതിപക്ഷത്തെ കുറ്റം പറയും. അത് സ്വാഭാവികമാണ്. രാഷ്ട്രീയത്തിലെ ഒരു നാടകമാണത്. ഓരോ രംഗവും നാടകം പോലെ കാണുക എന്നതാണ്. ഞാന്‍ 50 വര്‍ഷമായി ഇതിന്‍റെ സഹയാത്രികനാണ്. അങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറഞ്ഞ് പാരമ്പര്യം പറയും. എന്നിട്ട് എന്തിനാണ് ഇവര്‍ നേതാക്കന്മാരെ ചീത്ത വിളിക്കുന്നത് ? പെണ്‍പിള്ളാരോടും ഞാന്‍ ചോദിക്കുന്നത് ഇതാണ്. ഒരു തെറ്റ് അഞ്ച് കൊല്ലം മുന്‍പ് നടന്നെങ്കില്‍ എന്തുകൊണ്ട് അന്ന് പറഞ്ഞില്ല ? പാര്‍ട്ടിയോടുള്ള സ്നേഹം കൊണ്ട് മിണ്ടാതിരുന്നുവെന്ന് പറയും. അത് ശരിയല്ല. ഇന്നവരെ അറ്റാക്ക് ചെയ്യണമെങ്കില്‍ അവരുടെ ഇഷ്ടങ്ങളൊന്തോ നടക്കാതെ പോയി ? അല്ലേ? ആ രീതി എല്ലാ പാര്‍ട്ടികളും മാറ്റണം. തെറ്റുകള്‍ അപ്പോള്‍ തന്നെ ചൂണ്ടിക്കാട്ടണം", എന്നും മല്ലിക പറയുന്നു.

കോൺ​ഗ്രസ് പാരമ്പര്യമുള്ള ആളാണ് താനെന്നും മല്ലിക സുകുമാരൻ പറയുന്നുണ്ട്. "ഒരു പാര്‍ട്ടിയുടെ കൊടി പിടിക്കാനോ റോഡില്‍ കൂടി ഡാന്‍സ് കളിക്കാനോ ഞാന്‍ പോയിട്ടില്ല. ശരിയാണെങ്കില്‍ ശരി പറയുന്നവരോടൊപ്പം ഞാന്‍ എപ്പോഴും നില്‍ക്കും. കോളേജില്‍ ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ആയിരുന്ന കാലം മുതല്‍ ന്യായമായ കാര്യങ്ങള്‍ക്കൊപ്പം ഞാന്‍ നില്‍ക്കും. ഒരു പബ്ലിസിറ്റിക്കും പോകാറും ഇല്ല. ഞാന്‍ വളരെ മൂത്ത കോണ്‍ഗ്രസ് കുടുംബത്തിലെ ആളാണ്. അങ്ങനെ തന്നെ ജീവിച്ചിരുന്ന ആളാണ്. നിങ്ങളിങ്ങനെ പരസ്യമായിട്ട് അടിക്കല്ലേ എന്ന് ഏറ്റവും വലിയ നേതാക്കളോട് നേരിട്ട് പറഞ്ഞിട്ടുള്ള ആളാണ്. വല്ലതും ഉണ്ടെങ്കില്‍ മുറിക്കകത്തിരുന്ന് പറ. ജനത്തിന് നിങ്ങള്‍ തമ്മില്‍ അടിയാണെന്ന് തോന്നരുതെന്ന് പറഞ്ഞിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ കാലത്ത് എന്‍റെ അമ്മയ്ക്ക് ഒക്കെ കൈപ്പത്തി അല്ലാതെ ഒരു ചിഹ്നം അറിയില്ല. എന്‍റെ തറവാട് പെരുന്നയിലാണ്. അപ്പൂപ്പനപ്പൂപ്പന്‍മാരൊക്കെ ഗാന്ധിയന്മാരായി ജീവിച്ചവരാണ്. അതൊക്കെ കേട്ടാണ് വളര്‍ന്നത്. പക്ഷേ വളരുന്തോറും നമ്മള്‍ കേട്ട കാര്യങ്ങളില്‍ നിന്നും ഒരുപാട് മാറി പോകുന്നു പെരുമാറ്റ രീതികള്‍. പുതിയ മുഖ്യമന്ത്രി അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യുമെന്നൊക്കെ പറഞ്ഞു. ഇതൊക്കെ പ്രാവര്‍ത്തികമാകട്ടെ എന്ന് വി ഡി സതീശനോട് അപേക്ഷിക്കുകയാണ്", എന്നായിരുന്നു മല്ലിക സുകുമാരൻ പറഞ്ഞത്. മൈൽ സ്റ്റോൺ മേക്കേഴ്സിനോട് ആയിരുന്നു നടിയുടെ പ്രതികരണം.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming