വിസ്മയ മോഹൻലാലിനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി നടി സീമ ജി നായർ. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലും സംസാരരീതിയുടെ പേരിലും വിസ്മയയെ അധിക്ഷേപിക്കുന്നത് എന്തിനെന്ന് അവർ ചോദിക്കുന്നു.

മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ മോഹൻലാലിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ബുള്ളിയിങ്ങിൽ പ്രതികരണവുമായി നടി സീമ ജി നായർ. ചില കമന്റുകൾ വായിക്കുമ്പോൾ തനിക്കു പോലും സഹിക്കുന്നില്ലെന്നും ഇത്രയധികം വലിച്ചു കീറാൻ ഈ മോൾ എന്താണ് ചെയ്തത് എന്നും സീമ ജി നായർ ചോദിക്കുന്നു.

''കഴിഞ്ഞ കുറെ ദിവസങ്ങളായി... സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ് വിസ്മയ. അച്ഛനും അമ്മയും സ്നേഹപൂർവ്വം മായ എന്ന് വിളിക്കുന്ന മോൾ. ഇത്രയധികം വലിച്ചു കീറാൻ ഈ മോൾ എന്താണ് ചെയ്തത്?. ഈ ജനധിപത്യ രാജ്യത്തിൽ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലേ?. അവരവർക്ക് ഇഷ്ട്ടമുള്ള കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ ഏത് വിധേനയും തേച്ച് ഒട്ടിക്കുക. എത്രമാത്രം നികൃഷ്ടമായി സംസാരിക്കാമോ അത്രയും സംസാരിക്കുക.

ചില കമന്റുകൾ വായിക്കുന്ന നമുക്ക് പോലും സഹിക്കുന്നില്ല. രാഷ്ട്രീയ അന്ധത പിടിച്ച കണ്ണുകൾ. പിന്നെ വിസ്മയുടെ സംസാരത്തിനെയും ബോഡി ലാഗ്വേജിനേയും ചോദ്യം ചെയ്ത് കുറച്ചുപേർ. ഞാനൊക്കെ എത്രയോ നാടകങ്ങൾ അഭിനയിച്ചു. ആയിരകണക്കിന് ആൾക്കാരുടെ മുന്നിൽ നാടകം ചെയ്തു. ഇപ്പോഴും ഒരു ചെറിയ പ്രോഗ്രാമിന് ചെന്നാൽ പോലും എന്താ പറയേണ്ടതെന്ന് അറിയില്ല. ടെൻഷനാണ്. ചുണ്ടൊക്കെ വരണ്ട് നാവൊക്കെ താന്ന് പോകുന്ന അവസ്ഥ. അപ്പോൾ ലാലേട്ടന്റെ മോൾ എന്ന പ്രിവിലേജിൽ ഇത് വരെ സോഷ്യൽ മീഡിയയിൽ വന്ന് ഒരു പ്രകടനവും കാണിക്കാത്ത ഒരു കുട്ടിയുടെ അവസ്ഥ എന്താകും?. ഇത്രയും വലിയ ആൾക്കാരും സദസും മുന്നിൽ കാണുമ്പോൾ എന്താണ് പറയേണ്ടതെന്ന് ഒരു കൺഫ്യൂഷൻ ഉണ്ടാവും.

ഒരു പണിയും ഇല്ലാതെ ഒരു പണിക്കും പോകാതെ ഇരുന്ന് തെറിവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളു... വല്ല പണിക്കും പോയി കുടുംബം പോറ്റാൻ നോക്കു. എന്തൊക്കെ പറഞ്ഞാലും എത്ര ബോഡി ഷെയ്മിങ് ഉണ്ടായാലും വിസ്മയ ലാലേട്ടന്റെ മകളാണ്. ഇതൊന്നും ആ കുട്ടിക്ക് ഏൽക്കില്ല. വിസ്മയയുടെ കലാരംഗത്തേക്കുള്ള തുടക്കം ഗംഭീരം ആവട്ടെ.നന്മകൾ നേരുന്നു സിനിമക്കായി കാത്തിരിക്കുന്നു...'', സീമ ജി നായർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

YouTube video player