ബിഗ് ബോസ് താരമായ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ തനിക്ക് നാർസിസ്റ്റിക് പ്രവണതകളുണ്ടെന്ന് തുറന്നുപറഞ്ഞു. ഇതിനായി താൻ ഇപ്പോൾ തെറാപ്പി ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സ്വയം മാറുന്നതിനുമായി കുറച്ചു കാലത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്നും പൂർണ്ണമായി ഇടവേള എടുക്കുകയാണെന്ന് റോബിൻ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.
മലയാളം ബിഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി പ്രേക്ഷകർക്ക് സുപരിചിതനായ ആളാണ് ഡോ. റോബിൻ രാധാകൃഷ്‍ണൻ. സഹമത്സരാർത്ഥിയെ മർദിച്ചതിന്റെ പേരിൽ പകുതിയിൽ വെച്ച് ഷോയിൽ നിന്നും പുറത്താകേണ്ടി വന്നെങ്കിലും വലിയൊരു ആരാധക വൃന്ദത്തെ തന്നെ സൃഷ്ടിക്കാൻ റോബിന് സാധിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിലെ എൻഡിഎ സ്ഥാനാർത്ഥിയായും റോബിൻ മൽസരിച്ചു.
പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നിൽക്കുന്നയാൾ കൂടിയാണ് റോബിൻ. അടുത്തിടെ ബിഗ് ബോസ് താരം വേദലക്ഷ്മി റോബിനെതിരെ ഉന്നയിച്ച സാമ്പത്തിക തട്ടിപ്പ് ആരോപണവും ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ തനിക്ക് നാര്‍സിസ്റ്റിക് പ്രവണതകളുണ്ടെന്ന് തുറന്നു പറഞ്ഞുകൊണ്ടുള്ള റോബിന്റെ പുതിയ പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തെറാപ്പി ആരംഭിച്ചു കഴിഞ്ഞതായും കുറച്ചു നാളത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്നും ഇടവേളയെടുക്കുകയാണെന്നും റോബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
''എനിക്ക് ചില നാര്‍സിസ്റ്റിക് പ്രവണതകളുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. ഞാന്‍ അവയെ അംഗീകരിക്കുകയും, അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എറ്റെടുക്കുകയും ചെയ്യുന്നു. തെറാപ്പി ആരംഭിച്ചു കഴിഞ്ഞു. ആത്മപരിശോധനയിലൂടെയും, സുഖപ്പെടലിലൂടെയും മെച്ചപ്പെട്ടൊരു മനുഷ്യനാകാനുമുള്ള യാത്ര തുടരാന്‍ ഞാന്‍ എന്നും പ്രതിബദ്ധനാണ്.
കുറച്ചുനാളത്തേക്ക് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണ്. എന്നിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും, എന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും എന്റെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുമാണത്. മാറ്റം സംഭവിക്കാന്‍ സമയം വേണ്ടി വരുമെന്ന് എനിക്ക് അറിയാം. പക്ഷേ, അധ്വാനിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നോട് സനേഹം കാണിക്കുകയും പിന്തുണക്കുകയും ക്ഷമ കാണിക്കുകയും എന്നെ മനസിലാക്കുകയും ചെയ്തവർക്ക് നന്ദി. കൂടുതല്‍ കരുത്തനും, ശാന്തനും ആയി മെച്ചപ്പെട്ടൊരു വ്യക്തിയായി ഞാൻ മാറും'', എന്നാണ് റോബിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.



