സഹോദരീഭർത്താവിൻ്റെ വിയോഗത്തിൽ തനിക്ക് താങ്ങായവരെക്കുറിച്ച് നടി സീമ ജി. നായർ ഫേസ്ബുക്കിൽ കുറിച്ചു. Actress Seema G Nair talks about people who stood by her when her brother died
അടുത്തിടെയായിരുന്നു നടി സീമ ജി.നായരുടെ സഹോദരീഭർത്താവിന്റെ മരണം. അച്ഛനെപ്പോലെ തന്നെ ചേര്‍ത്തുപിടിച്ചയാളായിരുന്നു ചേട്ടനെന്ന് സീമ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. വേദനയുടെ സമയത്ത് തന്നെ ചേര്‍ത്തു പിടിച്ചവരേയും വിളിക്കാതെ പോയവരേയും കുറിച്ചാണ് സീമയുടെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ്. തന്നോടൊപ്പം നിന്ന പ്രിയപ്പെട്ടവരിൽ നടി ബീന ആന്റണിയുടെയും ഭർത്താവും നടനുമായ മനോജിന്റെയും പേരുകൾ സീമ എടുത്തു പറയുന്നുമുണ്ട്.
"എന്റെ ചേട്ടന്റെ ചടങ്ങുകള്‍ ഇന്നലെയാണ് കഴിഞ്ഞത് (ബീനയുടെയും മനോജിന്റെയും ഫോട്ടോ ഇട്ടത് അവര്‍ എന്റെ കൂടെ നിന്നത് കൊണ്ടാണ്). ഓരോ വിടവാങ്ങലും നികത്താന്‍ പറ്റാത്തതാണ്, മനസ്സില്‍ ആഴത്തില്‍ ഏല്‍ക്കുന്ന മുറിവുകള്‍ ഉണങ്ങാന്‍ എത്രകാലം എടുക്കുമെന്ന് അറിയില്ല. നമ്മുടെ സന്തോഷത്തില്‍ ഒരാള്‍ ചേര്‍ത്ത് പിടിക്കുമെന്നു പറയാറുണ്ടോ എന്നറിയില്ല, പക്ഷെ നമ്മുടെ ദുഃഖത്തില്‍ ഒരാള്‍ ചേര്‍ത്ത് പിടിക്കുമ്പോള്‍ ഒരു പരിധിവരെ ആ സമയം കടന്നുപോകാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു.
42 വര്‍ഷം ആയി ഈ രംഗത്ത് വന്നിട്ട്, നമ്മുടെ ദുഃഖത്തില്‍ ആരൊക്കെ കൂടെയുണ്ടായിരുന്നുവെന്ന് മനസിലാക്കാന്‍ ഇത്രയും വര്‍ഷം വേണ്ടി വന്നു. ചേട്ടന്റെ വിയോഗം അറിഞ്ഞു വിളിച്ചവര്‍ വളരെ കുറച്ചുപേര്‍.. ചിപ്പി, വത്സല മേനോന്‍, കിഷോര്‍ സത്യ, തെസ്‌നിഖാന്‍, നന്ദു, ജീജ സുരേന്ദ്രന്‍, കൃഷ്ണ തുളസിഭായ്, ശോഭ പ്രിയ അങ്ങനെ കുറച്ചുപേര്‍... മെസേജ് അയച്ചവര്‍ സന്തോഷ് കുറുപ്പ്, കാലടി ഓമന, പ്രേംജിത്, വളരെ കുറച്ചു പേര്‍ (കലാ രംഗത്തുള്ളവരുടെ കാര്യം മാത്രം ആണ് എഴുതുന്നത്).
‘എന്റെ മനസില്‍ ആ രണ്ടക്ഷരം അങ്ങനെ തന്നെ കിടക്കട്ടെ’
ചില സത്യങ്ങളും യാഥാര്‍ഥ്യങ്ങളും അറിയുന്നത് വൈകിയാണെന്നു മാത്രം. പക്ഷെ ബീനയും മനോജും കൂടെത്തന്നെ ഉണ്ടായിരുന്നു, സഞ്ചയന ചടങ്ങുവരെ. ഞാനും ബീനയും തമ്മില്‍ കുറഞ്ഞത് 25 വര്‍ഷത്തെ പരിചയം ഉണ്ട്, അടുത്ത ഫ്രണ്ട് ആണോ എന്ന് ചോദിച്ചാല്‍ 'അല്ല' എന്നും വിളിക്കുമോ സംസാരിക്കുമോ എന്ന് ചോദിച്ചാല്‍ 'ഇല്ല' എന്നായിരിക്കും ഉത്തരം. പക്ഷെ പരസ്പര സ്‌നേഹവും ബഹുമാനവും ഉണ്ട്. ഇന്നുവരെ മുഖം കറുത്ത് ഒരു വാക്ക് പോലും അങ്ങോട്ടുമിങ്ങോട്ടും പറയേണ്ടിവന്നിട്ടില്ല. എന്നെ ചേര്‍ത്തു പിടിച്ചതിനു ബീനയോടും മനോജിനോടും നന്ദി എന്ന രണ്ടക്ഷരം എഴുതി തീര്‍ക്കുന്നില്ല, പറഞ്ഞും തീര്‍ക്കുന്നില്ല.. എന്റെ മനസില്‍ ആ രണ്ടക്ഷരം അങ്ങനെ തന്നെ കിടക്കട്ടെ", സീമ ജി നായർ ഫെയ്സ്ബുക്കിൽ കുറിച്ചു.



