കാൻസർ ചികിത്സയിലുള്ള രേണു സുധിക്ക് പിന്തുണയുമായി ബിഷപ്പ് നോബിൾ ഫിലിപ്പ്

കാൻസർ ചികിൽസയിലുള്ള രേണു സുധിക്ക് വീണ്ടും പിന്തുണയറിയിച്ച് ബിഷപ്പ് നോബിൾ ഫിലിപ്പ് രംഗത്ത്. രേണുവിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും ആശ്വസിപ്പിക്കാൻ കഴിയുന്നവർ ആശ്വസിപ്പിക്കണമെന്നും രേണുവിന്റെ തന്നെ യൂട്യൂബ് ചാനലിൽ സംസാരിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞു. ''ഒരു സമയത്ത് ഞാനും രേണു സുധിയും തമ്മിൽ പലവിധ പ്രയാസങ്ങളും ഉണ്ടായിട്ടുള്ളത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പക്ഷേ, വ്യക്തിപരമായി‍ ഞാനും രേണു സുധിയും തമ്മിൽ വഴക്കുണ്ടായിട്ടില്ല. സോഷ്യൽ മീഡിയ വഴി പരസ്പരം മറുപ‌ടി പറഞ്ഞിട്ടുണ്ട്. ഒരു മനുഷ്യൻ വേദനിക്കുമ്പോഴും ദുഖിക്കുമ്പോഴും നമ്മൾ അവരോടൊപ്പം നിൽക്കുക എന്നതാണ് ഞാനെപ്പോഴും എന്റെ ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യം. അവരുടെ പ്രയാസ സമയത്ത് അവരെ ഒരു വിഭാഗം ആൾക്കാർ തീർച്ചയായും പ്രാർത്ഥനയിൽ ചേർത്തു നിർത്തുന്നുണ്ട്. എന്നാൽ മറുവിഭാഗം ഇപ്പോഴും ഭയങ്കരമായി സെെബർ ബുള്ളിയിംഗ് ചെയ്യുന്നു.

നിഷ്കളങ്കമായ സ്നേഹം രേണുവിന്റെ കുഞ്ഞിന് നമ്മളോടുണ്ട്. അവർക്ക് വേണ്ടി പ്രാർത്ഥിക്കുക. സാമ്പത്തികമായുള്ള സഹായത്തെക്കുറിച്ചല്ല ഞാൻ നിങ്ങളോ‌ട് പറയുന്നത്. നമ്മൾ ഒരു വാക്ക് അവർക്ക് വേണ്ടി പ്രാർത്ഥിക്കുക. ആശ്വസിപ്പിക്കാൻ കഴിയുമെങ്കിൽ ആശ്വസിപ്പിക്കുക. രേണുവിനെ വെറുക്കുന്നവരോട് എനിക്കൊന്നും പറയാനില്ല'', ബിഷപ്പ് വീഡിയോയിൽ പറഞ്ഞു.

രേണു സുധിയും ബിഷപ് നോബിള്‍ ഫിലിപ്പും തമ്മിലുളള പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. രേണുവിന് ഇഷ്ടദാനം നൽകിയ ഭൂമി തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ബിഷപ് നോബിള്‍ നോട്ടീസ് അയച്ചതും അന്ന് വാര്‍ത്തകളിലും ഇടംപിടിച്ചിരുന്നു. എന്നാൽ അടുത്തിടെ ബിഷപ് നോബിള്‍ ഫിലിപ്പുമായുള്ള പ്രശ്നങ്ങള്‍ അവസാനിച്ചതായി രേണു അറിയിച്ചിരുന്നു. ഈ വർഷം കൊല്ലം സുധിയുടെ ഓർമ ദിവസം പ്രാർത്ഥനകൾ നടത്തിയതും ബിഷപ്പ് നോബിൾ ആയിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming