ബിഗ്ബോസ് മലയാളം സീസൺ 7-ലെ മത്സരാർത്ഥികളായ ആദിലയും നൂറയും തങ്ങളുടെ ആദ്യ വാഹനം സ്വന്തമാക്കി

ബിഗ്ബോസ് മലയാളം സീസൺ 7 ൽ‌ ഒരുപാട് പ്രേക്ഷകപിന്തുണ ലഭിച്ച മൽസരാർത്ഥികളാണ് ലെസ്ബിയൻ കപ്പിളായ ആദിലയും നൂറയും. ബിഗ്ബോസിനു ശേഷവും പൊതുപരിപാടികളിലും സോഷ്യൽ മീഡിയയിലും നിരന്തര സാന്നിധ്യമാണ് ഇരുവരും. ആദ്യത്തെ വാഹനം സ്വന്തമാക്കിയ സന്തോഷമാണ് ഇവരുടെ സോഷ്യൽ ഫീഡുകളിലെ പുതിയ വിശേഷം. പുതിയ വാഹനത്തിന്റെ ചിത്രങ്ങൾക്കൊപ്പം ഹൃദയസ്പർശിയായ കുറിപ്പും ആദിലയും നൂറയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

''ഈ കാർ ഞങ്ങളുടെ ആദ്യത്തെ വാഹനം എന്നതിലുപരി മറ്റെന്തൊക്കെയോ ആണ്. ഞങ്ങൾ മറികടന്ന ഓരോ സംശയങ്ങളുടെയും ഉള്ളിലൊതുക്കിയ ഭയത്തിന്റെയും ഞങ്ങളെക്കൊണ്ട് ഇതൊന്നും പറ്റില്ല എന്ന് മറ്റുള്ളവർ തോന്നിപ്പിച്ച നിമിഷങ്ങളുടെയുമൊക്കെ ഓർമപ്പെടുത്തലാണിത്. ആളുകൾ പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോഴും ഞങ്ങളുടെ ഓർമ്മയിലുണ്ട്: "നിങ്ങൾ രണ്ടാൾക്കും സമൂഹത്തിന് മുന്നിൽ ഇങ്ങനെ ജീവിക്കാൻ കഴിയില്ല, നിങ്ങൾക്കൊരുമിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കാൻ കഴിയില്ല. പരസ്പരം കൈകോർത്തുപിടിച്ച് ഈ ലോകത്ത് അതിജീവിക്കാൻ നിങ്ങൾക്ക് കഴിയില്ല", എന്നൊക്കെ.

View post on Instagram

പക്ഷേ ഇന്ന്... ഞങ്ങൾ പരസ്പരം കൈകോർത്തുപിടിച്ച് പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുക മാത്രമല്ല ചെയ്യുന്നത്. ഞങ്ങളുടെ സ്വപ്നങ്ങളെയാണ് ഞങ്ങൾ ചേർത്തുപിടിച്ചിരിക്കുന്നത്. ഞങ്ങളുടെ ആദ്യത്തെ കാർ... കഠിനാധ്വാനം കൊണ്ടും സ്നേഹം കൊണ്ടും കണ്ണീരും ക്ഷമയും പരസ്പരമുള്ള വിശ്വാസവും കൊണ്ടും ഞങ്ങൾ നേടിയെടുത്തതാണിത്. ഞങ്ങളുടെ ജീവിതത്തിൽ സ്വന്തമാക്കുന്ന ആദ്യത്തെ വലിയ കാര്യമാണിത്. സത്യം പറഞ്ഞാൽ, വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്തത്ര വികാരനിർഭരമായ ഒന്നാണിത്. ഞങ്ങളുടെ യാത്രയെക്കുറിച്ച് ശരിക്കും അറിയുന്നവർക്ക് മാത്രമേ ഈ നിമിഷം ഞങ്ങൾക്ക് എത്രത്തോളം വലുതാണെന്ന് മനസിലാക്കാൻ കഴിയൂ. ഞങ്ങളെക്കുറിച്ച് തന്നെ ഞങ്ങൾക്ക് വലിയ അഭിമാനമുണ്ട്. അതൊരു കാർ വാങ്ങിയതുകൊണ്ട് മാത്രമല്ല, ഒരുമിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിനിടയിൽ ഒരിക്കൽ പോലും ഞങ്ങൾ പരസ്പരം കൈവിട്ടില്ല എന്നതുകൊണ്ടാണ്'', എന്നാണ് ഇരുവരും കുറിച്ചത്.

Asianet News Live | Kerala CM Race 2026 | UDF | Kerala Breaking News | Malayalam News | HD Live News