ബിഗ് ബോസ് മത്സരാർത്ഥി ഫൈറ്റ് മാസ്റ്റർ കാളിയുടെ ദുരിതപൂർണ്ണമായ ഭൂതകാലത്തെക്കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷ്റഫ്
ബിഗ് ബോസ് മലയാളം സീസൺ എട്ടിലെ മത്സരാർത്ഥികളിൽ ഒരാളാണ് ഫൈറ്റ് മാസ്റ്ററായ കാളി എന്ന ധന്യ. പതിനെട്ട് വര്‍ഷം മുൻപാണ് കാളി സിനിമാ രംഗത്തേയ്‍ക്ക് എത്തുന്നത്. ആദ്യം കൊറിയോഗ്രാഫിയിലും അഭിനയത്തിലുമൊക്കെ ഒരു കൈ നോക്കി. ഡ്യൂപ്പ് ആര്‍ടിസ്റ്റായും മറ്റും ജോലി ചെയ്യുന്നതിനിടെയാണ് ഫൈറ്റ് മേഖലയിലേക്ക് എത്തുന്നത്. സ്റ്റണ്ട് കൊറിയോഗ്രാഫറായ മാഫിയ ശശിയെ പരിചയപ്പെട്ടതാണ് കാളിയുടെ ജീവിതത്തിലെ വഴിത്തിരിവാകുന്നത്. മാഫിയാ ശശിയുടെ അസിസ്റ്റന്റായാണ് തുടക്കം.
ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരിതസാഹചര്യങ്ങള്‍ പല അഭിമുഖങ്ങളിലും കാളി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ കാളിയെക്കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ''ബാല്യ കൗമാര കാലങ്ങളിൽ താൻ അനുഭവിച്ച ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും പൊതുസമൂഹത്തോട് കാളി തുറന്ന് പറഞ്ഞിട്ടുണ്ട്. പത്താം വയസിൽ കാളിയെ അയൽവീട്ടിലുള്ളവർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി. കഴുകന്മാരുടെ കണ്ണിൽ നിന്നും രക്ഷപ്പെടാനായി ശ്മശാനത്തിൽ അഭയം തേടിയ കാളിയെ അവിടെ നിന്നും പിടിച്ചുകൊണ്ടുപോയി കൈയും കാലും കെട്ടിയിട്ട് ക്രൂരമായ ശാരീരിക ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നും കാളി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം നടന്നത് യുപിയിൽ അല്ല. കൊച്ചി വൈപ്പിൻ മുരിക്കിൻ പാടത്താണ് എന്നത് ഓർക്കണം.
വളർത്തച്ഛന്റേയും വളർത്തമ്മയുടേയും നിർബന്ധത്തിന് വഴങ്ങി കാളി പതിനെട്ടാം വയസിൽ വിവാഹിതയായി. അധികം താമസിയാതെ രണ്ട് കുട്ടികളുടെ അമ്മയുമായി. പിന്നീട് ആ ദാമ്പത്യ ജീവിതവും അവസാനിപ്പിച്ചു. മുന്നോട്ടുള്ള ജീവിതവും വഴിമുട്ടി. വിശപ്പ് മക്കൾ അനുഭവിക്കാതിരിക്കാനാണ് കാളി അവിടെ നിന്നും ഉയർത്തെഴുന്നേറ്റത്. അങ്ങനെ യാദൃശ്ചികമായി ഫൈറ്റ് മാസ്റ്റർ മാഫിയ ശശിയുടെ അരികിൽ കാളി ചെന്നെത്തി. ഇരുളടഞ്ഞ ജീവിതത്തിലെ ഒരു വെളിച്ചമായിരുന്നു ആ കണ്ടുമുട്ടൽ. കളിമണ്ണ് സിനിമയിൽ ശ്വേത മേനോന്റെ ഡ്യൂപ്പായിട്ടായിരുന്നു കാളിയുടെ സിനിമാ അരങ്ങേറ്റം. ദക്ഷിണേന്ത്യയിലെ ആദ്യ ലേഡി ഫൈറ്റ് മാസ്റ്റർ എന്ന ടാഗ് കാളിക്ക് സ്വന്തമാണ്. അവരുടെ പോരാട്ട വഴികൾ വെറും കഥയല്ല ജീവിതമാണ്'', എന്നാണ് ആലപ്പി അഷ്റഫ് വീഡിയോയിൽ പറയുന്നത്.

