കുടുംബവിളക്ക്, ഗീതാഗോവിന്ദം എന്നീ പരമ്പരകളിലൂടെ ശ്രദ്ധേയയായ അമൃത നായർ തന്‍റെ പുതിയ വാഹനമായ മഹീന്ദ്ര ബിഇ 6 സ്വന്തമാക്കി.

കുടുംബവിളക്ക് എന്ന ജനപ്രിയ പരമ്പരയിലെ ശീതള്‍ എന്ന കഥാപാത്രമായി വന്ന് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമൃത നായർ. ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് താരം. അടുത്തിടെയാണ് അമൃത സ്വന്തമായി ഒരു വീട് പണിതത്. ഇപ്പോഴിതാ തന്റെ സ്വപ്നവാഹനം സ്വന്തമാക്കാനായതിന്റെ വിശേഷങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. മഹീന്ദ്ര ബിഇ 6 ആണ് അമൃത സ്വന്തമാക്കിയത്.

''ഇന്ന് ഞാൻ ആഘോഷിക്കുന്നത് ഒരു പുതിയ കാർ സ്വന്തമാക്കിയ സന്തോഷം മാത്രമല്ല. ഒരിക്കലും തോറ്റുകൊടുക്കാതെ മുന്നോട്ട് നടന്ന ആ പെൺകുട്ടിയെയും, അവൾ അതിജീവിച്ച പ്രതിസന്ധികളെയും, സ്വന്തം കഴിവുകൊണ്ട് കെട്ടിപ്പടുത്ത കരിയറിനെയും, അവൾ സ്വപ്നം കണ്ട ജീവിതത്തെയും കൂടിയാണ്. ഈ പുതിയ മഹീന്ദ്ര ബി6 എനിക്ക് വെറുമൊരു കാർ മാത്രമല്ല. ഞാൻ എത്രത്തോളം വളർന്നെന്നും, അതിനായി എത്രമാത്രം കഷ്ടപ്പെട്ടെന്നും, എത്ര പ്രതിസന്ധികൾക്കിടയിലും സ്വയം വിശ്വസിച്ച് മുന്നോട്ട് പോയാൽ ജീവിതം എത്ര മനോഹരമാകുമെന്നും എന്നെ ഓർമിപ്പിക്കുന്ന കാര്യം കൂടിയാണിത്."

“സ്വന്തമായി ഒരു കരിയർ കെട്ടിപ്പടുത്ത്, സ്വന്തം തീരുമാനങ്ങളെടുത്ത്, സാമ്പത്തികമായി ആരെയും ആശ്രയിക്കാതെ, എനിക്ക് സന്തോഷം നൽകുന്ന ഒരു ജീവിതം ജീവിച്ച് മുപ്പതുകളിലേക്ക് കടക്കുന്നു എന്നത് എന്നെ സംബന്ധിച്ച് ഏറ്റവും അഭിമാനം തോന്നുന്ന കാര്യങ്ങളിൽ ഒന്നാണ്. ഈ യാത്രയിലുടനീളം എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്ത പ്രപഞ്ചത്തോടും എന്റെ കുടുംബത്തോടും ഓരോ വ്യക്തിയോടും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെയെല്ലാം സ്നേഹവും പിന്തുണയും ഇല്ലായിരുന്നെങ്കിൽ ഈ സന്തോഷത്തിന് ഇത്രമേൽ മധുരമുണ്ടാകുമായിരുന്നില്ല.”

“ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന, സ്വയം സംശയിക്കുന്ന, തങ്ങളുടെ നല്ല കാലത്തിനായി കാത്തിരിക്കുന്ന ഓരോ പെൺകുട്ടിയോടും എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്. ഒരിക്കലും നിങ്ങളെത്തന്നെ ചെറുതായി കാണരുത്. ഇന്ന് തന്നെ ജീവിതത്തിലെ എല്ലാത്തിനും ഉത്തരം കണ്ടെത്തിയിരിക്കണമെന്നില്ല. നിങ്ങൾ നിൽക്കുന്നിടത്തുനിന്ന് തുടങ്ങുക. നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾക്കായി കഠിനാധ്വാനം ചെയ്യുക. സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുക. എത്ര പ്രതിസന്ധികൾ വന്നാലും സ്വപ്നം കാണുന്നത് നിർത്തരുത്. ഒരിക്കൽ നിങ്ങൾ പ്രാർത്ഥിച്ചും സ്വപ്നം കണ്ടും ആഗ്രഹിച്ച ജീവിതം, സ്വയം അധ്വാനിച്ച് നിങ്ങൾക്ക് തന്നെ സ്വന്തമാക്കാൻ കഴിയുന്ന വ്യക്തിയായി വളരുക.”

"നിങ്ങളുടെ സ്വപ്നങ്ങളെല്ലാം വിലപ്പെട്ടതാണ്. ഇന്നത്തെ പ്രതിസന്ധികൾ നിങ്ങളുടെ കഥയുടെ അവസാനമല്ല. സ്വന്തം കാലിൽ നിൽക്കാനും സ്വന്തം ജീവിതം സ്വയം തീരുമാനിക്കാനുമുള്ള സ്വാതന്ത്ര്യം, നിങ്ങളുടെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നായിരിക്കും. ഇത് എന്റെ യാത്രയാണ്. എന്റെ സന്തോഷമാണ്. അധ്വാനിച്ച് ഞാൻ സ്വന്തമാക്കിയതാണ്. ഇന്ന് ഞാൻ എന്തായിരിക്കുന്നുവോ, അതിൽ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. വലിയ സ്വപ്നങ്ങൾ കാണുക. അതിനായി കഠിനാധ്വാനം ചെയ്യുക. സ്വന്തം കാലിൽ നിൽക്കുക. എന്തൊക്കെ സംഭവിച്ചാലും നിങ്ങളെത്തന്നെ കൈവിടാതിരിക്കുക'', എന്നാണ് ചിത്രങ്ങൾക്കൊപ്പം അമൃത കുറിച്ചത്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming