സോഷ്യല്‍ മീഡിയയിലൂടെ ആര്യ സന്തോഷം പങ്കുവച്ചു
ആദ്യത്തെ കൺമണി ജീവിതത്തിലേക്ക് കടന്നുവന്നതിന്റെ സന്തോഷം പങ്കുവച്ച് സീരിയൽ താരം ആര്യ അനിലും ഭർത്താവ് ശരത്തും. ''ചെക്കൻ വന്നൂട്ടോ'' എന്ന ക്യാപ്ഷനോടെയാണ് ആൺകുട്ടി പിറന്ന വിവരം ആര്യ ആരാധകരെ അറിയിച്ചത്. തുടർന്ന് ആശുപത്രിയിൽ നിന്നും വീട്ടിലേക്കു പോകുന്നതിന്റെ ചിത്രങ്ങളും കുഞ്ഞിനെ ആദ്യമായി ഭർത്താവ് ശരത് ഏറ്റുവാങ്ങുന്ന വീഡിയോയുമെല്ലാം ആര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
''എന്റെ ഉദരത്തിൽ നിന്നും അവന്റെ കയ്യിലേക്ക്, ഞങ്ങളുടെ സ്വപ്നമാണ് അവന്റെ കൈകളിൽ ഇരിക്കുന്നത്'', എന്ന അടിക്കുറിപ്പോടെയാണ് ശരത് കുഞ്ഞിനെ ഏറ്റുവാങ്ങുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ആര്യ കുറിച്ചത്. പിന്നാലെ, ''മൂന്നൂ പേരുള്ള ഒരു കുടുംബമായി വീട്ടിലേക്ക് തിരിച്ചുപോകുന്നു'' എന്ന ക്യാപ്ഷനോടെ ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
നിറവയറിൽ നൃത്തം ചെയ്തും സോഷ്യൽ മീഡിയ പ്രമോഷനുകളിലൂടെയും ഗർഭിണിയായതിനു ശേഷവും ആര്യ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. ഗർഭിണി ആയ ശേഷം പഴയതിനേക്കാൾ ഒന്നുകൂടി ഉത്സാഹം കൂടിയോ, എന്തൊരു എനർജിയാണ് എന്നും സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ ചോദിച്ചിരുന്നു.
പ്രശസ്ത ഫോട്ടോഗ്രാഫറും വെഡ്ഡിംഗ് കമ്പനി ഉടമയുമായ ശരത് കെ എസ് ആണ് ആര്യയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. വിവാദങ്ങള്‍ക്കിടയില്‍ ആയിരുന്നു ഇവരുടെ വിവാഹം. ഭര്‍ത്താവിനൊപ്പമുള്ള നിമിഷങ്ങളും സീരിയല്‍ വിശേഷങ്ങളുമെല്ലാം ആര്യ ഇന്‍സ്റ്റഗ്രാമിലൂടെ നിരന്തരം പങ്കുവെയ്ക്കാറുണ്ട്.
ആലപ്പുഴക്കാരിയായ ആര്യ ടിക് ടോക്ക് വീഡിയോകളിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. അതിന് ശേഷം മോഡലിംഗിലൂടെ പരസ്യ ചിത്രങ്ങളിലേക്ക് കടന്നു. ഏഷ്യാനെറ്റിലെ 'മുറ്റത്തെ മുല്ല' എന്ന സീരിയലില്‍ നായികയായി അഭിനയിച്ചുകൊണ്ടാണ് താരം പ്രേക്ഷകശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരുള്ള ഇൻഫ്ളുവൻസർ കൂടിയാണ് ഡ്രീം ക്യാച്ചർ ആര്യ എന്ന പേരിൽ അറിയപ്പെടുന്ന ആര്യ അനിൽ.

