ആര്യക്ക് 24 വയസുള്ളപ്പോളാണ് അനുജത്തി ജനിക്കുന്നത്

നര്‍ത്തകിയും അഭിനേത്രിയുമായ ആര്യ പാര്‍വതി സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും തന്റെ വിശേഷങ്ങൾ ആരാധകരോട് പങ്കിടാറുണ്ട്. ഒറ്റക്കുട്ടിയായി വളര്‍ന്നതിന്റെ സങ്കടം മാറിയത് തന്റെ കുഞ്ഞനുജത്തി പാലു വന്നതോടെയാണെന്നും ആര്യ മുൻപ് പറഞ്ഞിരുന്നു. ആര്യക്ക് 24 വയസുള്ളപ്പോളാണ് അനുജത്തി ജനിക്കുന്നത്. ആര്യയുടെ അമ്മയ്ക്ക് അന്ന് 46 വയസായിരുന്നു. ആദ്യ പാർവതി എന്നാണ് പാലുവിന്റെ യഥാർത്ഥ പേര്. പാലുവിന്റെയും കുടുംബത്തിന്റെയുമൊക്കെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ആര്യ നൽകിയ പുതിയ അഭിമുഖവും ഏറെ ശ്രദ്ധ നേടുകയാണ്.

''അമ്മയ്ക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷനൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ പ്രഷറുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ‌ അൽപം ദേഷ്യം കൂടുതലാണ്. ഈ പ്രായത്തിൽ പ്രസവിച്ചതുകൊണ്ടുള്ള ശാരീരിക അസ്വസ്ഥതകളുമുണ്ട്. പെട്ടന്ന് ദേഷ്യം വരുന്നതുകൊണ്ട് അമ്മ ഇടയ്ക്ക് പാലുവിനെ തല്ലുകയും വഴക്ക് പറയുകയും ചെയ്യാറുണ്ട്. അത് കാണുമ്പോൾ എനിക്ക് സങ്കടമാണ്. കാരണം എന്നെ വളർത്തിയ അമ്മ വളരെ പാവമാണ്. ഇതേ കുറിച്ച് ഞാൻ ഡോക്ടർമാരോടും സംസാരിച്ചിരുന്നു'', മൈൽസ്റ്റോൺ മേക്കഴ്സിനു നൽകിയ അഭിമുഖത്തിൽ ആര്യ പാർവതി പറഞ്ഞു.

പുറത്തൊക്കെ പോകുമ്പോൾ താനാണ് പാലുവിന്റെ അമ്മ എന്നു പലരും തെറ്റിദ്ധരിക്കാറുണ്ടെന്നും ആര്യ പറയുന്നു. ''പാലുവിന്റെ അമ്മ ഞാനാണെന്ന് പലരും വിചാരിക്കാറുണ്ട്. പുറത്ത് കടകളിലൊക്കെ പോകുമ്പോൾ പാലു കരയുന്നത് കരഞ്ഞാൽ, ദേ മോള് കരയുന്നു എന്ന് എന്നോടാണ് പലരും വന്നു പറയാറ്. അനിയത്തിയാണെന്ന് ഞാൻ അപ്പോൾ തിരുത്തി പറയും'', ആര്യ പാർവതി കൂട്ടിച്ചേർത്തു.

ആര്യയുടെയും പാലുവിന്റെയും അമ്മയും അച്ഛനം അഭിമുഖത്തിൽ ഒപ്പമുണ്ടായിരുന്നു. വീട്ടിൽ മൂന്ന് സ്ത്രീകൾ ഉള്ളത് ഏറെ സന്തോഷമുള്ള കാര്യമാണ് എന്നായിരുന്നു ആര്യയുടെ അച്ഛൻ ശങ്കറിന്റെ പ്രതികരണം.

ALSO READ : ബോളിവുഡ് താരം നിഹാരിക റൈസാദ നായിക; മലയാള ചിത്രം 'ആദ്രിക' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം