നടി മഞ്ജു പിള്ളയുടെ മകൾ ദയയുടെ വസ്ത്രധാരണത്തെ മോശം ഭാഷയിൽ വിമർശിച്ച യൂട്യൂബർക്കെതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. വ്യക്തിപരമായ ഇഷ്ടങ്ങളിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും, മോശം വാക്കുകൾ ഉപയോഗിച്ച യൂട്യൂബർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെ മോശമായ ഭാഷയിൽ വിമർശിച്ച യൂട്യൂബർ ഷഫീന ബീവിക്ക് മറുപടിയുമായി ഡബ്ബിങ്ങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. സദാചാരമില്ലായ്മ നടത്തിയത് യഥാർത്ഥത്തിൽ ഈ യൂട്യൂബർ അല്ലേ എന്നും ആ സത്രീക്കെതിരെ നിയമപരമായി മുന്നോട്ടു പോകണമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ഇത്തരം മോശം ഭാഷ പറയുന്നത് സദാചാരമാണോ. മലിനമായ പദപ്രയോഗങ്ങളും, ചേഷ്ടകളുമല്ലേ അവര്‍ ഉപയോഗിച്ചത്. താന്‍ ചെയ്യുന്നത് എന്താണെന്ന് അവര്‍ നോക്കിയാല്‍ മതി. മറ്റുള്ളവര്‍ പറയുന്നതിന് അനുസരിച്ച് ജീവിക്കാന്‍ നമുക്ക് പറ്റില്ല. ആ സ്ത്രീക്കെതിരെ ആ പെണ്‍കുട്ടി നടപടി എടുക്കുക തന്നെ വേണം. അത്രയും മോശമായ വാക്കുകളാണ് അവര്‍ ഉപയോഗിച്ചിട്ടുള്ളത്. ആ കുട്ടിക്ക് അവരുടേതായ ഇഷ്ടവും, പാഷനും, ഇഷ്ടവും അനിഷ്ടവും എല്ലാമുണ്ട്. അത് അവളുടെ ഇഷ്ടം. അതനുസരിച്ച് അവള്‍ ജീവിക്കട്ടെ. അവൾ ജീവിക്കട്ടെ. അതിന് നിങ്ങൾ ഇങ്ങനെ വെറളി പിടിക്കേണ്ട കാര്യമില്ല. എത്ര സ്ത്രീകളെയാണ് നിങ്ങൾ ഇങ്ങനെ തേജോവധം ചെയ്യുന്നത്?

''അതുപോലെ ആ സ്ത്രീയെ വിമർശിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. വിമര്‍ശിക്കുക എന്നതാണ് നമ്മുടെ ഉദ്ദേശം. അതിനല്ലേ പ്രാധാന്യം കൊടുക്കേണ്ടത്. അല്ലാതെ ആ സത്രീയുടെ വീഡിയോ ഇട്ടിട്ട് അത് പകുതിയോളം വിഷ്വല്‍ കാണിച്ച്, പിന്നീട് നമ്മുടെ അഭിപ്രായം പറയുമ്പോള്‍ വ്യൂവര്‍ഷിപ്പ് കൂട്ടാനാണോ എന്ന് സംശയം തോന്നുക എന്നത് മാത്രമല്ല, അത് കൂടുതല്‍ ആ പെണ്‍കുട്ടിയെ വേദനിപ്പിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടുപോവും. നല്ല ധൈര്യമുള്ള കുട്ടിയാണ്. എങ്കില്‍ പോലും അതുണ്ടാക്കുന്ന വേദന നിങ്ങള്‍ക്ക് മനസിലാവില്ല. നമ്മളെന്തിനാണ് ആ വിഷ്വലുകള്‍ക്ക്, വീഡിയോയ്ക്ക് പ്രാധാന്യം കൊടുക്കുന്നത്'', എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

YouTube video player