ബിഗ് ബോസ് മലയാളം സീസൺ 7 ലെ മികച്ച മത്സരാർത്ഥിയായ നെവിൻ കാപ്രീഷ്യസ്‍ തന്‍റെ കൈപ്പേറിയ കുട്ടിക്കാലത്തെക്കുറിച്ച് പറയുന്നു

ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ഏറ്റവും മികച്ച എന്റർടെയ്നർ എന്ന് അകത്തും പുറത്തുമുള്ളവർ ഒരുപോലെ പറഞ്ഞയാളാണ് നെവിൻ കാപ്രീഷ്യസ്‍. സീസൺ 7 ലെ തേർഡ് റണ്ണർ അപ്പും നെവിൻ ആയിരുന്നു. തന്റെ ബിഗ്ബോസ് അനുഭവങ്ങളെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചുമൊക്കെ നെവിൻ പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. കണ്ണു നിറഞ്ഞുകൊണ്ടാണ് തന്റെ കുട്ടിക്കാലത്തെക്കുറിച്ച് നെവിൻ സംസാരിക്കുന്നത്.

''അത്ര നല്ല കുട്ടിക്കാലമായിരുന്നില്ല എൻ്റേത്. അച്ഛൻ മദ്യപാനിയായിരുന്നതുകൊണ്ട് അതിന്റെ പേരിൽ ബുള്ളിയിങ് അനുഭവിച്ചിട്ടുണ്ട്. കുടിയന്റെ മകൻ എന്ന ലേബൽ പോലും എനിക്ക് കിട്ടിയിരുന്നു. ചെറിയൊരു വീട്ടിലാണ് താമസിച്ചിരുന്നത്. ഷിജിന്റെ വീടും പരിസരവും കാണുമ്പോൾ എനിക്ക് എന്റെ ജീവിതവുമായി റിലേറ്റ് ചെയ്യാൻ കഴിയാറുണ്ട്. അതൊന്നും എവിടേയും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ്. അത് പറഞ്ഞ് നടന്നതുകൊണ്ട് എനിക്ക് ഒരു ഗുണവുമില്ല. എന്റെ പാസ്റ്റ് എന്തായിരുന്നു എന്നതല്ല പ്രെസന്റിൽ ഞാൻ എവിടെ നിൽക്കുന്നുവെന്നാണ് എപ്പോഴും ചിന്തിക്കാറുള്ളത്.

ഒരുപാട് ജോലികൾ ചെയ്തിട്ടുണ്ട്. പത്രമിടാൻ പോയിട്ടുണ്ട്. ബേക്കറിയിൽ ജോലി ചെയ്തിട്ടുണ്ട്. അതിനുശേഷം സൂംബ ഇൻസ്ട്രക്ടറായി ജോലി ചെയ്തു. ആർട്ട് ഡയറക്ടറായും ഫാഷൻ കൊറിയോഗ്രാഫറായും ജോലി ചെയ്തു. ബിഗ് ബോസിൽ പോകും മുമ്പ് മൂന്ന് വർഷം ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. അവതാരകനായാണ് ആദ്യം മീഡിയയിൽ എത്തിയത്. ഒരുപാട് സാമ്പത്തിക പ്രശ്നങ്ങൾ ഞാൻ നേരിട്ടിട്ടുണ്ട്. പഠിക്കാൻ എനിക്ക് പണമുണ്ടായിരുന്നില്ല. ഒരുപാട് പേർ പഠിക്കാൻ സഹായിച്ചു. എന്റെ ജീവിതത്തിൽ ഞാൻ എന്നും പ്രധാന്യം കൊടുത്തത് വിദ്യാഭ്യാസം നേടുന്നതിനായിരുന്നു. ദുബൈയിലേക്ക് ഒരുപാട് അവസരം വന്നിരുന്നു. പക്ഷെ ഞാൻ പോയില്ല. പകരം പഠിച്ചു. ഒരുപാട് മിസ്റ്റേക്കുകൾ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും എന്റെ കഠിനാധ്വാനത്തിന് എനിക്ക് പ്രതിഫലം കിട്ടുമെന്ന് ഉറപ്പായിരുന്നു. എന്ത് ജോലി ചെയ്യാനും ഞാൻ തയ്യാറായിരുന്നു'', എന്നാണ് ലക്ഷ്മി നക്ഷത്രക്കു നൽകിയ അഭിമുഖത്തിൽ നെവിൻ പറയുന്നത്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming