ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
കഥ ഇതുവരെ
ശ്രുതിയുടെ അച്ഛൻ ഉടനെ ജയിൽ മോചിതനാവാൻ കുടുംബ ക്ഷേത്രത്തിൽ നേർച്ച നേർന്ന് എത്തിയിരിക്കുകയാണ് ചന്ദ്രയും കുടുംബവും. പൂജകൾക്കും നേർച്ചകൾക്കും ശേഷം എല്ലാവരും ചന്ദ്രോദയത്തിൽ മടങ്ങി എത്തുന്നു. ശ്രുതി വ്രതം എടുക്കുന്നത്കൊണ്ട് തന്നെ സ്വന്തമായി ഭക്ഷണം ഉണ്ടാക്കണമെന്ന് പറഞ്ഞ് ചന്ദ്ര ശ്രുതിയെ അടുക്കളയിലേയ്ക്ക് വിളിക്കുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.
ഏത് നേരത്താണാവോ അച്ഛൻ ജയിലിലാണെന്ന് പറയാൻ തോന്നിയത് എന്നാണ് ശ്രുതി ആലോചിക്കുന്നത്. അതുകൊണ്ടാണല്ലോ ഈ പൂജയും നേർച്ചയും വ്രതവുമെല്ലാം എടുക്കേണ്ടി വന്നത്. അമ്മായിയമ്മ പറഞ്ഞത് മറുത്ത് പറയാതെ അനുസരിക്കേണ്ടിവന്നതും ഇക്കാരണം കൊണ്ട് തന്നെയാണ്. ഉപ്പിടാത്ത കഞ്ഞി പോലും കുടിക്കേണ്ട അവസ്ഥയായി ശ്രുതിയ്ക്ക്. പോരാത്തതിന് മത്സ്യമാംസാദികൾ വർജ്ജിക്കണം, പായ വിരിച്ച് നിലത്ത് കിടക്കണം, കോലം വരയ്ക്കണം ...പാവം ശ്രുതി പെട്ടു.
അങ്ങനെയിരിക്കുമ്പോഴാണ് ചിക്കൻ ഫ്രൈ കഴിക്കണമെന്ന് പറഞ്ഞ് വർഷ വരുന്നത്. എന്നാൽ ശ്രുതി വ്രതം എടുക്കുന്നതുകൊണ്ട് വീട്ടിൽ ഉണ്ടാക്കാനോ വാങ്ങി കഴിക്കാനോ പാടില്ലെന്ന് ചന്ദ്ര വർഷയോട് കട്ടായം പറഞ്ഞു. കൊതിയനായ സുധിക്കും ചിക്കൻ കഴിക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ വീട്ടിൽ ആരും കഴിക്കാതെ എങ്ങനെ കഴിക്കുമെന്നാണ് അവൻ ആലോചിച്ചത്. പാർലർ ഏട്ടത്തി വ്രതം ആചാരപ്രകാരം തുടരുകയാണെങ്കിൽ നമ്മളാരും അത് തെറ്റിക്കുന്നില്ലെന്ന് സച്ചി പറഞ്ഞു. എല്ലാവർക്കുമൊപ്പം ഭക്ഷണം കഴിക്കാൻ ശ്രുതി വന്നിരുന്നപ്പോഴും കഞ്ഞിയേ കുടിക്കാവൂ എന്ന് സച്ചി ശ്രുതിയെ ഓർമിപ്പിച്ചു. പിറ്റേന്ന് രാവിലെ കോലം വരയ്ക്കാൻ തുടങ്ങിയ രേവതിയോട് അത് ചെയ്യേണ്ടെന്നും ശ്രുതി വരക്കുമെന്നും പറഞ്ഞ് ചന്ദ്ര രേവതിയെ മാറ്റി നിർത്തി. ശ്രുതിയും സുധിയും കൂടി വരച്ച കോലം കണ്ട് സച്ചിയ്ക്കും അച്ഛനും ചിരി അടക്കാൻ കഴിയാത്തിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.


