ഇതൊരു പ്രണയവിവാഹമല്ലെന്നും നിക്കാഹിന് ശേഷമാണ് തങ്ങൾക്കിടയിൽ പ്രണയം ആരംഭിച്ചതെന്നും ഇരുവരും വെളിപ്പെടുത്തി. Dayyana and Ameen talks about their love life

കഴിഞ്ഞ വർഷമാണ് മിനിസ്ക്രീൻ താരങ്ങളായ ഡയാന ഹമീദിന്റെയും അമീന്റെയും നിക്കാഹ് കഴിഞ്ഞത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പല അഭിമുഖങ്ങളിലായി ഇരുവരും വിവാഹത്തെക്കുറിച്ചും, കരിയറിനെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. വിവാഹം ഈ വർഷം സെപ്റ്റംബറിൽ ഉണ്ടാകുമെന്നും ഇരുവരും അറിയിച്ചിരുന്നു. ഇപ്പോഴിതാ പരിചയപ്പെട്ടതിനും നിക്കാഹിനും ശേഷമുള്ള പ്രണയത്തെക്കുറിച്ചുമൊക്കെ തുറന്നു സംസാരിക്കുകയാണ് ഇരുവരും.

'പല മൊമന്റുകളും റീക്രിയേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്'

മുപ്പതുകളുടെ തുടക്കത്തിലാണ് തങ്ങളെന്നും അതുകൊണ്ടുതന്നെ പ്രണയസങ്കൽപങ്ങൾക്ക് മുൻപത്തേക്കാൾ ഏറെ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ഡയാന പറയുന്നു. "ഞങ്ങളുടേത് പ്രണയവിവാഹമല്ല. നിക്കാഹ് കഴിഞ്ഞതിനു ശേഷമാണ് ശരിക്കും ഞങ്ങളുടെ പ്രണയം തുടങ്ങുന്നത്. ഇപ്പോളാണ് ഞങ്ങൾ ആ ട്രാക്കിലേക്ക് വരുന്നത്. അത് ഞങ്ങൾ ശരിക്കും ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. നിക്കാഹിനു മുൻപ് ഒരു പരിചയപ്പെടലും പരസ്പരം മനസിലാക്കലുമൊക്കെ ഉണ്ടായിരുന്നെങ്കിലും അതിനു ശേഷം വളരെ മനോഹരമായ ഒരു ഘട്ടത്തിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്. പല മൊമന്റുകളും ഞങ്ങൾ റീക്രിയേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഞങ്ങൾക്ക് മുൻപ് ചെയ്യാൻ പറ്റാത്ത കാര്യങ്ങളൊക്കെ ഇപ്പോൾ ഞങ്ങൾ ആസ്വദിച്ചു ചെയ്യുന്നുണ്ട്", സൂര്യ കോമഡിക്കു നൽകിയ അഭിമുഖത്തിൽ ഡയാനയും അമീനും പറഞ്ഞു.

"ഞങ്ങൾ ചില കാര്യങ്ങളിൽ കുറച്ച് പൈങ്കിളിയാണ്. അമീൻ എനിക്ക് ഇടയ്ക്ക് കത്തൊക്കെ എഴുതിത്തരാറുണ്ട്. ഞാൻ യാത്ര പോകുമ്പാളായിരിക്കും എനിക്കാ കത്തുകൾ കിട്ടാറുള്ളത്. എന്റെ ബാഗിൽ കത്തും ചോക്ലേറ്റും പൂവും ഒക്കെയായി വെച്ചിരിക്കും. അതു വായിക്കുമ്പോൾ തന്നെ ഒരു സുഖമാണ്", ഡയാന കൂട്ടിച്ചേർത്തു. പ്രണയം പ്രകടിപ്പിക്കാനുള്ളതാണെന്നും പ്രകടിപ്പിക്കാത്ത സ്നേഹം കൊണ്ട് ഒരു കാര്യവും ഇല്ലെന്നുമായിരുന്നു അമീന്റെ മറുപടി. ഇത്തരത്തിൽ കത്തുകൾ എഴുതിക്കൊടുക്കുന്നത് തനിക്കേറെ ഇഷ്ടമുള്ള കാര്യമാണെന്നും ഇത്തരം മൊമന്റുകൾ റീക്രിയേറ്റ് ചെയ്യാറുണ്ടെന്നും അമീൻ കൂട്ടിച്ചേർത്തു.

YouTube video player