കടുത്ത വിഷമഘട്ടത്തിലായിരുന്ന ഒരു സുഹൃത്ത് നടത്തിയ ഹിമാലയൻ യാത്രയാണ് പദയാത്ര എന്ന ഗാനത്തിന് പ്രചോദനമായതെന്ന് ജോബ് കുര്യൻ
മലയാളം ഇന്റിപെൻഡന്റ് സംഗീതത്തിലെ ഒഴിച്ചുകൂടാനാവാത്ത പേരാണ് ജോബ് കുര്യൻ. മലയാള സംഗീത പ്രേമികൾ നെഞ്ചേറ്റിയ പാട്ടുകളാണ് ജോബ് കുര്യന്റേത്. പദയാത്ര, ഭാവം, ഇരുതലപ്പക്ഷി, കാലം തുടങ്ങീ മികച്ച പാട്ടുകളിലൂടെ ജോബ് മലയാളികളുടെ മനം കവർന്നിട്ടുണ്ട്. അതിൽ തന്നെ സോഷ്യൽ മീഡിയ റീലുകളിലടക്കം ഏറ്റവും കൂടുതൽ പങ്കുവെക്കപെട്ട ഗാനമാണ് ജോബിന്റെ പദയാത്ര. ഇപ്പോഴിതാ ആ ഗാനം എങ്ങനെയാണ് ഉണ്ടായത് എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ജോബ് കുര്യൻ. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ജോബിന്റെ പ്രതികരണം. താൻ ഒരുപാട് യാത്രകൾ ചെയ്യുന്നത് കൊണ്ട് തന്നെ പാട്ടുകളിൽ ട്രാവൽ മൂഡ് വരാറുണ്ടെന്നും, പദയാത്ര എന്ന പാട്ട് ഹിറ്റായതിൽ റൈഡേഴ്‌സിന് വലിയ പങ്കുടെന്നും ജോബ് കുര്യൻ പറയുന്നു.
"പദയാത്ര എന്ന പാട്ട് ട്രാവൽ വിഡിയോസിലൊക്കെ ഉപയോഗിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷം തോന്നും. ഞാനൊരുപാട് യാത്ര ചെയ്യുന്നതു കൊണ്ട് തന്നെ പാട്ടുകളിൽ ഒരു ട്രാവൽ മൂഡ് വരാറുണ്ട്. യാത്രകളിൽ ഒരുപാട് പേർ പദയാത്ര ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഉറപ്പായിട്ടും യാത്രകളോടുള്ള എന്റെ ഇഷ്ടം ചിലപ്പോൾ എന്റെ പാട്ടിന്റെ താളത്തിലും ഫീലിലുമൊക്കെ കടന്നുവരുന്നതായിരിക്കും. ഞാനൊരു ബൈക്കറല്ല, പക്ഷേ ആ പാട്ട് ബൈക്കേഴ്സുമായി റിലേറ്റ് ചെയ്തു. അത് വലിയൊരു സന്തോഷമാണ്. അങ്ങനെയാണ് പദയാത്ര ശരിക്കും ആളുകളിലേക്ക് എത്തുന്നത്. റൈഡേഴ്സിന് വലിയൊരു പങ്കുണ്ട് അതിൽ." ജോബ് പറയുന്നു.
"എന്റെ വളരെ അടുത്തൊരു സുഹൃത്ത്, അവൻ നല്ലൊരു വിഷമഘട്ടത്തിലായിരുന്ന സമയത്ത് ഒരു ഹിമാലയൻ യാത്ര നടത്തിയിരുന്നു. അവന്റെ കയ്യിൽ വലിയ പൈസയൊന്നുമില്ലാതെയാണ് പോകുന്നത്. ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും ഇടയ്ക്ക് അവൻ എനിക്ക് ഫോട്ടോകൾ അയച്ചു തരും. പതിയെ പതിയെ അവൻ ഓക്കെയായി. യാത്ര കഴിഞ്ഞ് പുതിയ ഒരാളായാണ് അവൻ തിരിച്ചു വരുന്നത്. അതിനെക്ക് ഭയങ്കര സന്തോഷമായി. അവന്റെ ആ യാത്രയുമായി ബന്ധപ്പെട്ട് ചെയ്തതാണ് പദയാത്ര. അവന്റെ യാത്രയിൽ തന്നെ ഞാൻ ചെറിയ ട്യൂണുകളൊക്കെ ഇട്ട് തുടങ്ങിയിരുന്നു. അവനിപ്പോൾ വലിയ ജാഡയിൽ പറയും, ഞാൻ ഇല്ലായിരുന്നുവെങ്കിൽ നീ പദയാത്ര ഉണ്ടാക്കില്ലായിരുന്നുവെന്ന്. അവനോടുള്ള എന്റെ സ്നേഹമാണ് ആ പാട്ടിലുള്ളത്." ജോബ് കുര്യൻ കൂട്ടിച്ചേർത്തു.



