ഇന്നത്തെ കാലഘട്ടത്തിൽ പോലും പല മാതാപിതാക്കളും മക്കളോട് സെക്സ് എജ്യൂക്കേഷനെ കുറിച്ച് സംസാരിക്കാൻ മടിക്കുന്ന സാഹചര്യത്തിൽ, ആ പ്രായത്തിൽ അച്ഛൻ തനിക്കിതെല്ലാം പറഞ്ഞു തന്നതിൽ അഭിമാനം ഉണ്ടെന്നും  കാര്‍ത്തിക്. 

ടെലിവിഷൻ അവതാരകൻ, വ്ളോഗർ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ആളാണ് കാർത്തിക് സൂര്യ. അവതരണം കൊണ്ടും സംസാര രീതി കൊണ്ടും വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയ കീഴടക്കാന്‍ കാർത്തിക്കിന് സാധിച്ചിട്ടുണ്ട്. വിവാഹത്തിനു മുൻപായി വീട് പുതുക്കിപ്പണിതതിന്റെ വിശേഷങ്ങളാണ് കാർത്തിക് സൂര്യ ഏറ്റവും പുതിയ വ്ളോഗിൽ സംസാരിക്കുന്നത്.

കാർത്തിക്കിന്റെ അച്ഛനും അമ്മയും പുതിയ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കുട്ടിക്കാലത്തെ ചില ഓർമകളും കാർത്തിക്കിന്റെ അച്ഛൻ പങ്കുവെച്ചു. കുട്ടികൾക്ക് സെക്സ് എജുക്കേഷൻ നൽകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്.

'പണ്ട് ആ പ്രായത്തിൽ പലരും ചെയ്യുന്നത് പോലെ മുറിയടച്ചിരിയ്ക്കുന്ന സ്വഭാവം എനിക്കും ഉണ്ടായിരുന്നു. എന്റെ മുറിയിലിരുന്ന് ‍കമ്പ്യൂട്ടറിൽ ആ പ്രായത്തിൽ കാണാൻ ആകാംക്ഷയുള്ള കാര്യം കണ്ടു കൊണ്ടിരിക്കുമ്പോൾ, ജനാലയുടെ ഓട്ടയിലൂടെ അച്ചാച്ചൻ അത് കാണുന്നുണ്ടായിരുന്നു. അത് ‍ഞാൻ മനസിലാക്കിയപ്പോൾ ആദ്യം അവിടെ ഒരു കർട്ടനിട്ടു. പിന്നെ ഒരു സ്ളേറ്റ് വാങ്ങി ഓട്ടയടച്ചു. അച്ചാച്ചൻ ഇന്ന് ജീവിച്ചിരിപ്പില്ല. അതിനു ശേഷം എന്നെ പൊക്കുന്നത് അച്ഛനാണ്. ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയം ആയിരുന്നു. അന്നത്തെ കൗതുകത്തിന് മാസ്റ്റർബേഷനെക്കുറിച്ച് ഇന്റർനെറ്റിൽ സേർച്ച് ചെയ്തു. പക്ഷേ സേർച്ച് ഹിസ്റ്ററിയെക്കുറിച്ചും അത് ഡിലീറ്റ് ചെയ്യുന്നതിനെക്കുറിച്ചുമൊന്നും അന്ന് എനിക്ക് അറിയില്ലായിരുന്നു. അച്ഛൻ അത് കണ്ടുപിടിച്ചു. അന്ന് ഞാൻ ശരിക്കും വിയർത്തു'', എന്ന് കാർത്തിക് സൂര്യ പറഞ്ഞു.

എന്നാൽ ഇതൊന്നും തെറ്റായ കാര്യങ്ങളെല്ലന്നും ആ പ്രായത്തിൽ സ്വാഭാവികമായും ഉണ്ടാകുന്നതാണെന്നും ആയിരുന്നു കാർത്തിക്കിന്റെ അച്ഛന്റെ പ്രതികരണം. അന്ന് കാർത്തിക്കിനെ വിളിച്ച് ഒരു സെക്സ് എഡ്യുക്കേഷൻ ക്ലാസ് തന്നെ നൽകിയെന്നും തെറ്റിദ്ധാരണകൾ മാറ്റിക്കൊടുത്തെന്നും അച്ഛൻ കൂട്ടിച്ചേർത്തു. ഇന്നത്തെ കാലഘട്ടത്തിൽ പോലും പല മാതാപിതാക്കളും മക്കളോട് ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ മടിക്കുന്ന സാഹചര്യത്തിൽ, ആ പ്രായത്തിൽ അച്ഛൻ തനിക്കിതെല്ലാം പറഞ്ഞു തന്നതിൽ അഭിമാനം ഉണ്ടെന്നായിരുന്നു കാർത്തിക് സൂര്യയുടെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..