2023 ഏപ്രില്‍ 21-നായിരുന്നു മീരയുടെയും വിപിന്റെയും വിവാഹം
തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര വാസുദേവ്. ഒരിടവേളയ്ക്ക് ശേഷം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന 'കുടുംബവിളക്ക്' എന്ന സീരിയലിലൂടെയാണ് മീര വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി ഇതേ സീരിയലിന്‍റെ ഛായാഗ്രഹകൻ ആയിരുന്ന വിപിനെ വിവാഹം ചെയ്യുകയും ചെയ്തു. മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. വിവാഹത്തെത്തുടർന്ന് ഇവർ സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് പരിഹാസങ്ങള്‍ കേട്ടിരുന്നു. ഇരുവരുടെയും പ്രായം ചൂണ്ടിക്കാട്ടിയും മീരയുടെ മുന്‍ വിവാഹങ്ങള്‍ പരമാര്‍ശിച്ചുമായിരുന്നു പരിഹാസങ്ങളിൽ ഏറെയും.
ഇപ്പോളിതാ വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിനെക്കുറിച്ച് മീര പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്. ''നിന്നോടൊപ്പമുള്ള ഓരോ നിമിഷവും ഞാൻ കൂടുതൽ ശാന്തയാവുകയാണ്, കൂളാകുകയാണ്. നീ നല്ലൊരു ഭര്‍ത്താവ് മാത്രമല്ല, നല്ലൊരു അച്ഛൻ കൂടിയാണ്. നമ്മുടെ കുടുംബത്തെ ഒന്നിച്ചു നിർത്തുന്നത് നീയാണ്. ഇനിയും ഒരുപാട് കാലം ഇങ്ങനെ ചിരിച്ചു നിൽക്കാനും ജീവിതം ആസ്വദിക്കാനും നമുക്ക് കഴിയട്ടെ'', ഇരുവരുമൊന്നിച്ചുള്ള സന്തോഷനിമിഷങ്ങളുടെ വീഡിയോയ്ക്കൊപ്പം മീര ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി പേരാണ് പോസ്റ്റിനു താഴെ ഇരുവർക്കും വിവാഹ വാർഷികത്തിന്റെ മംഗളങ്ങൾ നേർന്ന് രംഗത്തെത്തുന്നത്.
2023 ഏപ്രില്‍ 21-നായിരുന്നു മീരയുടെയും വിപിന്റെയും വിവാഹം. കോയമ്പത്തൂരിലെ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കുശേഷം ഇരുവരും ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇതിന് പിന്നാലെ മീര വിവാഹ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ആരാധകര്‍ വാര്‍ത്തയറിഞ്ഞത്. പാലക്കാട് സ്വദേശിയായ വിപിന്‍ പുതിയതങ്കം, മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് ഉള്‍പ്പെടെയുള്ള സീരിയലുകളുടെ ഛായാഗ്രാഹകനാണ്. ചില ഡോക്യുമെന്ററികളിലും പ്രവർത്തിച്ചിട്ടുണ്ട്.
ALSO READ : 'കേക്ക് സ്റ്റോറി' സക്സസ് ട്രെയ്‍ലര്‍ പുറത്തെത്തി
