സുഹൃത്തിന്റെ ഹാക്ക് ചെയ്യപ്പെട്ട വാട്‍സ്ആപ്പ് അക്കൗണ്ടിൽ നിന്ന് പണം ആവശ്യപ്പെട്ടുള്ള സന്ദേശം വിശ്വസിച്ച് അച്ഛന്‍ പണം അയക്കുകയായിരുന്നുവെന്ന് നിഹാല്‍

പൃഥ്വിരാജ് നായകനായ മുംബൈ പൊലീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് നിഹാൽ പിള്ള. പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയും നടിയുമായ പ്രിയ മോഹന്റെ ഭർത്താവ് കൂടിയാണ് നിഹാൽ. പ്രിയയുടെയും നിഹാലിന്റെയും ഒരു ഹാപ്പി ഫാമിലി എന്ന യൂട്യൂബ് ചാനലിനും ആരാധകരേറെയുണ്ട്. തന്റെ പിതാവ് തട്ടിപ്പിന് ഇരയായതിനെക്കുറിച്ചാണ് നിഹാലിന്റെ പുതിയ വീഡിയോ.

Add Asianetnews as a Preferred SourcegooglePreferred

ഓണ്‍ലൈന്‍ തട്ടിപ്പിനെക്കുറിച്ച് താന്‍ തന്നെ കുറേ വീഡിയോകള്‍ ചെയ്തിട്ടുണ്ടെന്നും എന്നിട്ടും ഡാഡിക്ക് തന്നെ ഇങ്ങനെ സംഭവിച്ചു എന്നും നിഹാൽ പറയുന്നു. തട്ടിപ്പിനെക്കുറിച്ച് ആദ്യം സംസാരിച്ചു തുടങ്ങിയത് ഡാഡിയാണ്. ''സഹായം ചോദിച്ചുള്ള വാട്‌സാപ്പ് മെസേജാണ് ആദ്യം വന്നത്. എന്റെ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നായിരുന്നു മെസേജ്. എന്ത് സഹായമാണ് വേണ്ടതെന്ന് ചോദിച്ചപ്പോഴാണ് പൈസ അയയ്ക്കാന്‍ പറഞ്ഞത്. തന്റെ അക്കൗണ്ടില്‍ നിന്നും പൈസ പോവുന്നില്ല. ഇപ്പോള്‍ ഒരു യാത്രയിലാണ്, അടുത്ത ദിവസം തന്നെ തിരിച്ച് തരാമെന്നും പറഞ്ഞു.

ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ തിരക്കിലാണ്, പിന്നെ വിളിക്കാമെന്ന് മെസേജ് വന്നു. പിന്നീട് ഒരു ഗൂഗിള്‍ പേ നമ്പര്‍ അയച്ചു. അതിലേക്ക് 15,000 ഇട്ട് കൊടുത്തു. സ്‌ക്രീന്‍ ഷോട്ട് കൊടുത്തപ്പോള്‍ പിന്നെയും 15,000 അയയ്ക്കാനാണ് പറഞ്ഞു. അതും ഞാന്‍ അയച്ചു. പിന്നീട്, മെസേജിലൂടെയായി ഒരു ഒടിപി അയച്ചിട്ടുണ്ട്, അത് അയക്കാൻ പറഞ്ഞു. അപ്പോഴാണ് പ്രിയയെ വിളിച്ചത്'', എന്നാണ് ഡാഡി വീഡിയോയിൽ വിശദീകരിച്ചത്. തുടർന്ന് സംസാരിച്ചത് പ്രിയയാണ്. ''എസ്എംഎസ് നോക്കിയപ്പോള്‍ ഒടിപി വന്നുകൊണ്ടിരിക്കുകയാണ്. അതിനു മേലെ വേറൊരു ഭാഷയിലെ അക്ഷരങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് സംശയം തോന്നി. സ്ക്രീൻഷോട്ട് എടുക്കാൻ പറ്റാത്തതുകൊണ്ട് മെസേജ് ഫോര്‍വേഡ് ചെയ്തപ്പോളേക്കും ടൈമൗട്ടായി. ഇതിനിടെ ഞാൻ ഡാഡിയുടെ ഫോണിലെ സെക്യൂരിറ്റി സെറ്റിങ്ങ്സ് ഓണാക്കി. അതിനു ശേഷം ഡാഡി സുഹൃത്തിനെ വിളിച്ചു കിട്ടി. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്, എല്ലാവരും വിളിച്ചുകൊണ്ടിരുന്നതിനാലാണ് ഫോൺ എൻഗേജ്ഡ് ആയി ഇരുന്നത്. എന്തിനാണ് ഫണ്ട് അയച്ച് കൊടുത്തതെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

ഞങ്ങള്‍ പോലീസ് സ്‌റ്റേഷനിലേക്ക് പോയിരുന്നു. സൈബര്‍ സെല്ലിലും പരാതി കൊടുത്തിട്ടുണ്ട്. പോയ പൈസ തിരിച്ചു കിട്ടാന്‍ സാധ്യത കുറവാണ്. കിട്ടിയാല്‍ ഭാഗ്യം എന്നായിരുന്നു അവര്‍ പറഞ്ഞത്. കിട്ടുവാണെങ്കില്‍ 90 ദിവസത്തിനകം കിട്ടും. കിട്ടിയാല്‍ കിട്ടി, അല്ലെങ്കില്‍ പോയി'', പ്രിയ പറഞ്ഞു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News