തനിക്ക് ബ്രസ്റ്റ് കാൻസറാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് രേണു സുധി

തനിക്ക് ബ്രസ്റ്റ് കാൻസറാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് ബിഗ്ബോസ് മുന്‍ താരവും അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി. രേണു സുധിക്ക് സ്റ്റേജ് 2 കാൻസർ ആണ്, ബ്രെസ്റ്റ് കാന്‍സറാണ് എന്നൊക്കെ പറഞ്ഞാണ് ചില യൂട്യൂബ് ചാനലുകളിലും സോഷ്യൽ മീഡിയ പേജുകളിലും അഭ്യൂഹങ്ങൾ പ്രചരിച്ചത്. രണ്ട് ആഴ്ചകള്‍ക്ക് മുന്‍പേ തന്നെ കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു എന്നും എന്നാല്‍ രേണു അതൊന്നും കാര്യമാക്കാതെ മുന്നോട്ടു പോകുകയാണെന്നും പ്രചരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങളെയെല്ലാം തള്ളിക്കളയുകയാണ് രേണു. ചെറിയൊരു അസുഖം വന്നെന്നു പറഞ്ഞാല്‍ പോലും പലരും തല കറങ്ങി താഴെ വീഴും, അപ്പോൾ കാന്‍സര്‍ എന്നൊക്കെ പറഞ്ഞാല്‍ ആരാണ് ഇങ്ങനെ ഹാപ്പിയായി നടക്കുന്നതെന്ന് രേണു ചോദിക്കുന്നു.

''എനിക്കെതിരെ ഇതിന് മുന്‍പും വ്യാജ ആരോപണങ്ങള്‍ വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോള്‍ പ്രചരിക്കുന്ന കാര്യത്തിനും എനിക്കൊന്നും പറയാനില്ല. എനിക്കെന്തെങ്കിലും ജനങ്ങളോട് പറയാനുണ്ടെങ്കില്‍ ഞാന്‍ നേരിട്ട് വന്ന് പറയും, ഇതുവരെ അങ്ങനെ പറഞ്ഞിട്ടുണ്ട്, ഇനിയും അങ്ങനെ തന്നെയായിരിക്കും. എനിക്കെന്തെങ്കിലും കുഴപ്പമുള്ളതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ, ഞാനെപ്പോഴും ഹാപ്പിയല്ലേ. ചെറിയൊരു അസുഖം വന്നെന്നു പറഞ്ഞാല്‍ പോലും പലരും തല കറങ്ങി താഴെ വീഴും, ആ സ്ഥിതിക്ക് കാന്‍സര്‍ എന്നൊക്കെ പറഞ്ഞാല്‍ ആരാണ് ഇങ്ങനെ ഹാപ്പിയായി നടക്കുന്നത്. ഇങ്ങനെയൊക്കെയുള്ള വാര്‍ത്തകള്‍ കേട്ടാല്‍ നമ്മളാദ്യം പ്രാര്‍ത്ഥിക്കുന്നത്, ശത്രുക്കള്‍ക്ക് പോലും ഇത്തരം അസുഖങ്ങളൊന്നും വരുത്തല്ലേ എന്നാണ്. നല്ല മനസ്സുള്ളവര്‍ അങ്ങനെയേ ചിന്തിക്കൂ. ഇപ്പോള്‍ ഈ പറഞ്ഞ് പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് എനിക്കറിയില്ല. ഇതിനെ കുറിച്ച് ഇനിയെനിക്കൊന്നും പറയാനുമില്ല'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ രേണു സുധി പറഞ്ഞു.