കാന്‍സര്‍ ചികിത്സയിലുള്ള തന്നെ സന്ദര്‍ശിച്ച നടി സീമ ജി നായര്‍ക്ക് നന്ദി പറഞ്ഞ് സോഷ്യല്‍ മീഡിയ താരം രേണു സുധി
കാന്‍സര്‍ ചികിത്സയിലുള്ള തന്നെ വന്നു കണ്ട നടി സീമ ജി നായര്‍ക്ക് നന്ദി പറഞ്ഞ് സോഷ്യല്‍ മീഡിയ താരം രേണു സുധി. അവര്‍ നല്‍കിയ സഹായം വില മതിക്കാനാവാത്തതാണെന്നു അത് താന്‍ മറക്കില്ലെന്നും രേണു സുധി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സീമ ജി നായര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് രേണു സുധിയുടെ കുറിപ്പ്.
“സീമ ചേച്ചി എന്നെ കാണാന്‍ വന്നിരുന്നു. എന്നെ ചേര്‍ത്ത് പിടിക്കുന്നതിന് എന്‍റെ ഹൃദയത്തില്‍ നിന്ന് ഒരായിരം നന്ദി. ചികിത്സയ്ക്ക് വേണ്ടി ചേച്ചി നല്‍കിയ സഹായം മറക്കില്ല. ജീവിതത്തില്‍ ചില സ്നേഹങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്. എന്‍റെ പ്രയാസകരമായ ഈ സമയത്ത് എന്നെ നേരില്‍ കാണാനും ധൈര്യം പകരാനും സ്നേഹത്തോടെ ചേര്‍ത്ത് പിടിക്കാനും എത്തിയ സീമ ചേച്ചിക്ക് ഹൃദയം നിറഞ്ഞ നന്ദി. ചികിത്സയ്ക്കായി ചേച്ചി നല്‍കിയ വില മതിക്കാനാവാത്ത സഹായവും കരുതലും ഞാന്‍ ഒരിക്കലും മറക്കില്ല. ഈ സ്നേഹവും പിന്തുണയും എനിക്ക് കൂടുതല്‍ ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്നു. എന്‍റെ പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തുന്നു. സ്നേഹിക്കുന്നു, പിന്തുണയ്ക്കുന്നു”, രേണു സുധി കുറിച്ചു. നേരത്തെ രേണു സുധിയെ കണ്ടതിന് ശേഷം അവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കുറിച്ച നെഗറ്റീവ് കമന്‍റുകള്‍ക്കെതിരെ സീമ ജി നായര്‍ രംഗത്തെത്തിയിരുന്നു.
സീമ ജി നായരുടെ കുറിപ്പ്
ഞാൻ രേണുവിനെ ഫോളോ ചെയ്യുന്ന വ്യക്തിയോ രേണുവിന്റെ വീഡിയോ കാണുന്ന ആളോ ആയിരുന്നില്ല, പക്ഷെ രേണുവിന് കാൻസർ ആണെന്നറിഞ്ഞ ദിവസം മുതൽ അവരെ വിളിക്കാനും കാര്യങ്ങൾ അറിയാനും ശ്രമിച്ചു. കഴിഞ്ഞ ദിവസം രേണുവിന്റെ അടുത്ത് പോയിരുന്നു, രേണുവിനെ കണ്ടിരുന്നു. ഈ അസുഖം എന്താണെന്നും അതെങ്ങനെ ആവും എന്നറിയാനും ഞാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാദിവസവും ഈശ്വരനോട് പ്രാർത്ഥിക്കുന്നത് ആർക്കും ഈ അസുഖം വരുത്തല്ലേയെന്നാണ്. നിരവധിപേരുടെ കൂടെ ഞാൻ യാത്ര ചെയ്തു, എന്റെ അമ്മയ്ക്കും ഇതേ അസുഖം ആയിരുന്നു. പല വേർപാടുകളും ഇപ്പോളും ഉൾകൊള്ളാൻ കഴിയുന്നുമില്ലാതാനും. രേണുവിന് അസുഖം ആയിക്കഴിഞ്ഞ് അവരുടെ വീഡിയോ കണ്ടപ്പോൾ അതിന്റെ താഴെ വന്ന നെഗറ്റിവ് കമന്റ് മനസ്സിനെ വല്ലാതെ അലോസരപെടുത്തി.
എന്തിനാണ് നമ്മൾ ഇത്രയധികം അസഹിഷ്ണുത കാണിക്കുന്നത്? ഈ അസുഖം ആർക്കു വേണമെങ്കിലും, എപ്പോൾ വേണമെങ്കിലും വരാം. ഇപ്പോൾ തെറി വിളിക്കുന്ന പലരുടെയും ഉള്ളിൽ ഇതുണ്ടാകാം. ചിലപ്പോൾ അവസാന നിമിഷമാകാം ഇതറിയുന്നത്. എന്തിനാണ് അവരെ തെറി വിളിക്കാൻ നമ്മൾ മത്സരിക്കുന്നത്. അവർ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥ ദുഷ്‌കരമാണ്, അതി കഠിനമാണ്. അതിനെ അതിജീവിക്കാൻ രേണുവിന് കഴിയട്ടെ. അസുഖത്തിന്റെ വേദനയിലുപരി, അതിന്റെ കാഠിന്യത്തിലുപരി, രേണു പുറത്തു പറഞ്ഞില്ലെങ്കിലും അവരെ വേദനിപ്പിക്കുന്നത്, ഇങ്ങനെയുള്ള തെറി വിളികളും ശാപവാക്കുകളും ആവാം. അതുകൊണ്ട് പറയുകയാണ്, അവരെ വെറുതെ വിടൂ. കാൻസറിനോട് പൊരുതി അവർ തിരിച്ചു വരട്ടെ.

