പ്രസവം സ്ത്രീകൾ ആസ്വദിച്ചിരുന്ന ഒന്നാണെന്ന അഖിൽ മാരാരുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ഡോ. റോബിൻ രാധാകൃഷ്ണൻ
ബിഗ്ബോസ് മുന്‍ വിജയിയും തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായിരുന്ന അഖിൽ മാരാർ പ്രസവത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. പ്രസവം എന്നത് ഒരു കാലത്ത് സ്ത്രീകള്‍ വളരെ ആസ്വദിച്ച് ചെയ്തിരുന്ന കാര്യമാണെന്നാണ് അഖില്‍ മാരാര്‍ പറഞ്ഞത്. പിന്നീട് ആശുപത്രികള്‍ അതിനെ സങ്കീര്‍ണ്ണമാക്കിയതാണെന്നും. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബിഗ്ബോസ് മുന്‍ താരവും കുണ്ടറയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായിരുന്ന ഡോ. റോബിൻ രാധാകൃഷ്ണൻ.
''ഒരു സ്ത്രീയായി ഈ ലോകത്ത് ജീവിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ആണുങ്ങൾക്ക് എളുപ്പമാണെന്നല്ല പറയുന്നത്. എങ്കിലും താരതമ്യേന അവരുടെ ശാരീരികാവസ്ഥകളും അവർ അനുഭവിക്കുന്ന കാര്യങ്ങളും, ഇമോഷണലി ആണെങ്കിലും ഫിസിക്കലി ആണെങ്കിലും വേദന ആണെങ്കിലും എല്ലാം അവർക്ക് കൂടുതലാണ്. പ്രഗ്നന്റ് ആയിരിക്കുന്ന സമയത്ത് ആദ്യം മുതൽ തന്നേ ഒരോരോ പ്രശ്നങ്ങൾ ഉണ്ടാകും. ഉറക്കക്കുറവ് ഉണ്ടാകും, മൂഡ് സ്വിങ്സ് ഉണ്ടാകും, ഹോർമോണൽ മാറ്റങ്ങൾ ഉണ്ടാകും. പല രീതിയിലുള്ള പ്രശ്നങ്ങളാണ്. അതെല്ലാം താണ്ടിയാണ് കുട്ടിയുണ്ടാകുന്നത്.
പ്രഗ്നൻസിയുടെ കാര്യം ഡോക്ടറാണ് തീരുമാനിക്കുന്നത്, നോർമൽ വേണോ സി സെക്ഷൻ വേണോ എന്നൊക്കെ. 10 മുതൽ 20 വരെ എല്ലുകൾ ഒടിയുന്ന വേദന ഒരു സ്ത്രീ പ്രസവസമയത്ത് അനുഭവിക്കുന്നുണ്ട്. അതൊരു എളുപ്പമുള്ള കാര്യമല്ല, നമ്മൾ ആണുങ്ങൾ പറയുന്നതു പോലെയല്ല. പിരീഡ്സിന്‍റെ സമയത്തു പോലും അവർ വേദന അനുഭവിക്കുന്നവരാണ്. ഹോസ്പിറ്റലുകളുടെ കച്ചവടവും കാര്യങ്ങളുമൊക്കെ വേറെ വിഷയമാണ്. സ്ത്രീകൾ അനുഭവിക്കുന്ന വേദനയും കാര്യങ്ങളുമെല്ലാം നമ്മൾ ബഹുമാനിക്കേണ്ടതാണ്. ജീവിതകാലം മുഴുവൻ നമ്മളത് മറക്കാൻ പാടില്ല. നമ്മുടെ അമ്മമാർ അത്രത്തോളം വേദന അനുഭവിച്ചിട്ടും അത്രത്തോളം കെയർ ചെയ്തിട്ടും തന്നെയാണ് നമ്മൾ ഈ ലോകത്തേക്ക് വന്നത്. അതിന് ഓരോ സ്ത്രീകളോടും നമ്മൾ നന്ദിയുള്ളവരായിരിക്കണം. ഓരോരുത്തർക്കും ഓരോ അഭിപ്രായസ്വാതന്ത്ര്യമുണ്ട്. പുള്ളി പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. തെറ്റാണ് പറഞ്ഞതെങ്കിൽ അതിനെ ആളുകൾ വിമർശിക്കും. എന്റെ കാഴ്ചപ്പാട് ഇതാണ്'', റോബിൻ രാധാകൃഷ്ണൻ പറഞ്ഞു.



