ഞങ്ങളുടെ പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറം എന്റെ കുഞ്ഞ് നേട്ടങ്ങള്‍ കൈവരിക്കുമ്പോഴെല്ലാം സര്‍വേശ്വരനോട് ഒരായിരം നന്ദി പറയുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് മനീഷ കെ എസ്. നടിയായും ഗായികയായുമെല്ലാം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെ തിളങ്ങിയിട്ടുള്ള മനീഷ ഒരു ഡബ്ബിംഗ് ആർടിസ്റ്റ് കൂടിയാണ്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മഴ തോരും മുൻപേ എന്ന സീരിയലിലാണ് മനീഷ അഭിനയിക്കുന്നത്. പരമ്പരയിൽ ഗ്രേസമ്മ എന്ന കഥാപാത്രമായിട്ടാണ് മനീഷ എത്തുന്നത്. തന്റെ പ്രൊഫഷണൽ ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയുമൊക്കെ വിശേഷങ്ങൾ മനീഷ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകളുടെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് മനീഷ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. എം.എസ്.ഡബ്ല്യു പരീക്ഷയില്‍ രണ്ടാം റാങ്കാണ് മനീഷയുടെ മകൾ നീരദ സ്വന്തമാക്കിയിരിക്കുന്നത്. ‌ 

''എന്റെ കുഞ്ഞിപ്പെണ്ണ് എന്ന നിലയില്‍ ഒരുപാടൊരുപാട് കൊഞ്ചിച്ചുകൊല്ലുമെങ്കിലും പഠനകാര്യത്തില്‍ ഒരിക്കലും എനിക്കവളെ അവളാഗ്രഹിച്ചപോലെ സഹായിക്കാന്‍ പറ്റിയിട്ടില്ലെങ്കിലും വിദ്യാഭ്യാസകാര്യത്തില്‍ കുഞ്ഞുനാളുമുതലെ സ്വയംപര്യാപ്‍തത കൈവരിച്ച ഒരു മിടുക്കിക്കുട്ടിയാണ് എന്റെ വാവ... സ്വയം പഠിക്കാനും കൂടെയുള്ള കുട്ടികളെ പഠിക്കാന്‍ സഹായിക്കാനും പുസ്തകപ്പുഴു മാത്രമാവാതെ മറ്റു എല്ലാ കലാപരിപാടികളിലും തന്റെ സാന്നിധ്യം നിറക്കാനും എല്ലാ പഠനയിടങ്ങളിലും അവള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു... ഞങ്ങളുടെ പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറം എന്റെ കുഞ്ഞ് നേട്ടങ്ങള്‍ കൈവരിക്കുമ്പോഴെല്ലാം സര്‍വേശ്വരനോട് ഒരായിരം നന്ദി പറയുന്നു... മാനുഷികമൂല്യങ്ങള്‍ക്കൊപ്പം ജ്ഞാനത്തിന്റെ അറിവിന്റെ പടികള്‍ മുകളിലേക്ക് കയറാന്‍ ഇനിയും എന്റെ കുഞ്ഞിനെ ദൈവം പ്രാപ്തയാക്കട്ടെ. പ്രാര്‍ഥിച്ച അനുഗ്രഹിച്ച ഓരോരുത്തര്‍ക്കും നന്ദി. എം.എസ്.ഡബ്ല്യു (MSW) രണ്ടാം റാങ്ക് ജേതാവ്. അഭിനന്ദനങ്ങള്‍ വാവൂസ്'', മനീഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ബീന ആന്റണി, രഞ്ജു രഞ്ജിമാർ, മീര കൃഷ്‍ണൻ തുടങ്ങി നിരവധിയാളുകൾ മനീഷയുടെ പോസ്റ്റിനു താഴെ മകൾക്ക് ആശംസകൾ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക