കുടുംബവിളക്ക് ഫെയിം അമൃത നായർ തന്‍റെ ജന്മനാടായ പത്തനാപുരത്ത് പുതിയ വീട് നിർമ്മിച്ചു
കുടുംബവിളക്ക് എന്ന ജനപ്രിയ പരമ്പരയിലെ ശീതള്‍ എന്ന കഥാപാത്രമായി വന്ന് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമൃത നായർ. ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് താരം. സ്വന്തമായി ഒരു വീട് പണിയുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് അമൃത പല തവണ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആ ആഗ്രഹം പൂർത്തീകരിച്ചിരിക്കുകയാണ് അമൃത. സ്വന്തം നാടായ പത്തനാപുരത്താണ് താരം വീടു പണിതിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വീടിന്റെ ഗൃഹപ്രവേശനചടങ്ങിൽ പങ്കെടുത്തത്.
''എന്റെ നാട് പത്തനാപുരമാണ്. ഇവിടെ തന്നെയാണ് ഞാൻ ജനിച്ച് വളർന്നതും. ചെറിയ പ്രായം മുതൽ ഒരു വീട് ആഗ്രഹിച്ചിരുന്നു. പക്ഷേ, ഒരു വീട് വെക്കാനുള്ള സമയം ഇപ്പോഴാണ് കിട്ടിയത്. വലിയൊരു ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് വേണമെന്നത്. മുൻപ് ഈ വീടിരുന്ന സ്ഥലത്ത് ഞങ്ങളുടെ പഴയൊരു കുട്ടി വീടുണ്ടായിരുന്നു. നാട്ടിൻ പുറത്തിന് അനുസരിച്ച് വളരെ കുറഞ്ഞ സ്ക്വയർഫീറ്റിലാണ് പുതിയ വീട് വെച്ചിരിക്കുന്നത്. വളരെ കുറച്ച് ആളുകളെ മാത്രം ക്ഷണിച്ചുള്ള ചെറിയൊരു പരിപാടിയാണ് പാലുകാച്ചൽ. അനിയൻ ഇല്ലാത്തതുകൊണ്ട് എല്ലാം ഞാൻ തന്നെയാണ് ഓടി നടന്ന് ശരിയാക്കിയത്.
സ്വന്തം നാട്ടിൽ തന്നെ വീട് വെക്കണമെന്ന് ആഗ്രഹമായിരുന്നു. അങ്ങനെയാണ് ഈ വീട് പണിതത്. എറണാകുളത്തൊന്നും സെറ്റിൽഡാകാൻ എനിക്ക് ആഗ്രഹമില്ല. തിരുവനന്തപുരത്താണ് കൂടുതൽ നിൽക്കുന്നത്. ഒരു വീട് നമുക്ക് അത്യാവശ്യമാണ്. കാർ നമുക്ക് അത്യാവശ്യമാണെന്ന് ഞാൻ പറയില്ല. അമ്മയുടെ സ്ഥലം ഇവിടെയാണുള്ളത്. അതുകൊണ്ട് ഇവിടെത്തന്നെ വീട് വെച്ചു. വീടാണ് ആദ്യം എല്ലാവർക്കും വേണ്ടത്. ആരും നമ്മളെ ഇറക്കി വിടരുത്. പുറത്ത് കിടക്കുന്ന അവസ്ഥയുണ്ടാകരുത്. ചെറുതാണെങ്കിലും ഒരു വീട് എന്നത് എല്ലാവരുടേയും സ്വപ്നമാണ്'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അമൃത പറഞ്ഞു.



