അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയെക്കുറിച്ചുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി മേക്കപ്പ് ആർട്ടിസ്റ്റ് സൂര്യ. അവരെ 'വിധവ' എന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്നും, അതിനിടയിൽ അവർ ജീവിതം ആസ്വദിക്കുകയാണെന്നും സൂര്യ വ്യക്തമാക്കി.

സമീപകാലത്ത് ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച സോഷ്യല്‍ മീഡിയ താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാതെ രേണുവിന്റെ പിന്നാലെയുണ്ട്. കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ അഭിനയ രംഗത്തേക്ക് എത്തിയ രേണു ഇത്തവണ ബിഗ്ബോസ് മലയാളത്തിലും മാറ്റുരച്ചിരുന്നു. ട്രോളുകളും വിമ‍ർശനങ്ങളും വിടാതെ പിന്തുടരുന്ന വ്യക്തി കൂടിയാണ് രേണു. ഇപ്പോളിതാ രേണുവിനെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് മേക്കപ്പ് ആർടിസ്റ്റും മിമിക്രി കലാകാരിയുമായ സൂര്യ. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.

''എന്റെ മിമിക്രി ജീവിതത്തിന്റെ തുടക്കത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആളാണ് സുധി ചേട്ടൻ. അങ്ങനൊരു ബന്ധമാണ് സുധിച്ചേട്ടനും ഞങ്ങളുമായി ഉള്ളത്. സുധിച്ചേട്ടന്റെ ജീവിതത്തിലെ ഓരോ ഏറ്റക്കുറച്ചിലുകളും കണ്ടൊരാളാണ് ഞാൻ. സുധി ചേട്ടന്റെ വളർച്ചയുടെ സമയത്ത് ഒപ്പമുണ്ടായിരുന്നയാളാണ് രേണു ചേച്ചി. എനിക്ക് രേണുവിനെ പേഴ്സണലായി അറിയാം. ഞങ്ങൾ ഫോണിലൂടെ സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ കോൺടാക്ടില്ല എന്നേ ഉള്ളൂ. രേണു ചേച്ചി ഈ ഒരു പ്ലാറ്റ്ഫോമിലേക്ക്, കലാരംഗത്തേക്ക് വന്നതിൽ എനിക്ക് ഭയങ്കര സന്തോഷമുണ്ട്. കാരണം എനിക്ക് അവരെ പണ്ട് മുതൽ അറിയാം.

‘അങ്ങനൊരു ടാഗ് ലൈൻ കൊടുക്കേണ്ട ആവശ്യമില്ല’

ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട് രേണുച്ചേച്ചി. അങ്ങനൊരാൾക്ക് നല്ലൊരു പ്ലാറ്റ്ഫോമും നല്ല രീതിയിൽ മുന്നോട്ട് ജീവിക്കാനും ഒരു സ്പേസ് കിട്ടിയെന്ന് അറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. പിന്നെ അവർ അല്ല ആദ്യത്തെ വിധവ. പലരും അവരെ പറയുന്നതും ടാഗ് ചെയ്യുന്നതും അവർ ഒരു വിധവയായതുകൊണ്ടല്ലേ എന്നാണ്. അങ്ങനൊരു ടാഗ് ലൈൻ കൊടുക്കേണ്ട ആവശ്യമില്ല. അവർ ജീവിക്കാനാണ് സ്ട്രഗിൾ ചെയ്യുന്നത്. അതിനിടയിൽ അവർ ജീവിതം ആസ്വദിക്കുന്നു'', സൂര്യ പറഞ്ഞു.

YouTube video player