പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ 'കാണപ്പെട്ട ദൈവ'മാണെന്ന് നടന്‍ വിവേക് ഗോപന്‍. താൻ മോദിയുടെ വലിയ ആരാധകനാണെന്നും, മറ്റൊരു പാർട്ടിയിലേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്നും വിവേക് ഗോപൻ വ്യക്തമാക്കി.

ടൻ, ക്രിക്കറ്റർ, ഫിറ്റ്നസ് ട്രെയിനർ എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ച വ്യക്തിയാണ് വിവേക് ഗോപൻ. പരസ്പരം സീരിയലിലെ സൂരജ് എന്ന കഥാപാത്രത്തിലൂടെയാണ് വിവേക് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായത്. ഇതിനിടെ രാഷ്ട്രീയത്തിലും താരം സാന്നിധ്യം അറിയിച്ചിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ചവറ നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായാണ് വിവേക് ഗോപൻ മൽസരിച്ചത്. ചെറുപ്പം മുതലേ താൻ ബിജെപി അനുഭാവി ആണെന്നും കുറച്ചു കാലം ശാഖയിൽ പോയിട്ടുണ്ടെന്നും മുൻപ് വിവേക് തുറന്നു പറ‍ഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മോദി തന്റെ കാണപ്പെട്ട ദൈവമാണെന്നാണ് പറയുകയാണ് വിവേക്.

''നരേന്ദ്രമോദിയുടെ വലിയ ആരാധകനാണ് ഞാൻ. കാണപ്പെട്ട ദൈവം എന്നൊക്കെ പറയില്ലേ? ദൈവം ഭൂമിയിൽ വന്നാൽ എങ്ങനെയിരിക്കും? അങ്ങനെയാണ് അദ്ദേഹത്തെ തോന്നുന്നത്. ഞാൻ പറയുന്നത് എന്റെ കാഴ്ചപ്പാടാണ്. മറ്റുള്ളവർക്ക് അങ്ങനെ തോന്നണമെന്നില്ല. അദ്ദേഹം ചെയ്യുന്ന കാര്യങ്ങളും അദ്ദേഹത്തിന്റെ ജീവിതവുമൊക്കെ ഭയങ്കരമായി ഉൾക്കൊണ്ടയാളാണ് ഞാൻ. അനാവശ്യമായിട്ടുള്ള ഒരു കാര്യവും അദ്ദേഹം ചെയ്യുന്നില്ല. എല്ലാം രാജ്യത്തിനു വേണ്ടിയാണ്. സ്വന്തമായി ഒരു വീടുപോലും അദ്ദേഹത്തിനില്ല.

മറ്റുള്ളവരുടെ കാര്യം ചിന്തിക്കാതെ സ്വന്തം കീശ വീർപ്പിക്കുക എന്നതാണ് പല രാഷ്ട്രീയക്കാരും ചെയ്യുന്നത്. അദ്ദേഹം അങ്ങനെയല്ല. ഇതൊക്കെ വെച്ചു നോക്കുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകരാണ്. അതുകൊണ്ടുതന്നെ വേറൊരു പാർട്ടി എന്ന ചിന്ത പോലും എനിക്കില്ല. ബിജെപിയിൽ തന്നെയായിരിക്കും. ഭാവിയിൽ എന്തെങ്കിലുമൊക്കെ സംഭവിച്ചാൽ വേറൊരു പാർട്ടിയിൽ ചേരുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. മോദി എന്നു പറഞ്ഞാൽ എനിക്ക് അത്രക്കും ഭ്രാന്താണ്'', എന്ന് വിവേക് ഗോപൻ പറഞ്ഞു. മൂവി വേൾഡ് ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming