ബിഗ് ബോസ് ഹൗസിലേക്ക് അതിഥിയായി പോകാത്തതിന്‍റെ കാരണം വെളിപ്പെടുത്തി മുൻ വിജയി മണിക്കുട്ടൻ.

ബിഗ് ബോസ് ഹൗസിലേക്ക് അതിഥിയായി എത്താത്തതിന്റെ കാരണം വെളിപ്പെടുത്തി മുൻ സീസണിലെ വിജയിയായ മണിക്കുട്ടൻ. തന്നേക്കാൾ കഴിവുള്ളവരും അതിനുവേണ്ടി സ്വപ്നം കാണുന്നവരുമാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നതെന്ന് മണിക്കുട്ടൻ പറയുന്നു.

''ഞാൻ ആ ഒരു പ്ലാറ്റ്ഫോമിന് പറ്റിയ ഒരാളാണെന്ന് കരുതുന്നില്ല എന്നാണ് ആദ്യം വിളിച്ചപ്പോളൊക്കെ ഞാൻ പറഞ്ഞിരുന്നത്. ആദ്യത്തെ രണ്ട് സീസൺ വിളിച്ചപ്പോൾ ഞാൻ പോയിട്ടില്ലായിരുന്നു. പക്ഷേ, മൂന്നാമത്തെ സീസണിൽ വിളിച്ചാൽ മതിയെന്ന ചിന്തയിലായിരുന്നു. കാരണം എൻ്റെ കഴിവ് എനിക്ക് കാണിക്കണമായിരുന്നു. ഷോയിൽ ഗെയിം വരുമ്പോഴും അല്ലെങ്കിൽ ടാസ്ക്ക് വരുമ്പോഴും മാത്രമേ ആളുകൾ എന്നെ കണ്ടിട്ടുള്ളൂ. അല്ലാത്ത സമയത്ത് ഞാൻ സൈലന്റ് ആണ്. ഇപ്പുറത്ത് മാറി നിൽക്കും . അതുകൊണ്ടുതന്നെ ഇപ്പോൾ ഞാൻ അവിടെ പോയിട്ട് എന്തു ചെയ്യാനാണ്. എനിക്ക് അവിടെ പറയാൻ കാര്യമായ കാര്യങ്ങളൊന്നും ഇല്ല. എന്നെക്കാൾ കഴിവുള്ളവരും എന്നെക്കാൾ അതിനുവേണ്ടി സ്വപ്നം കണ്ടു നടത്തുന്ന ആൾക്കാരുമാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.

ബിഗ് ബോസിലെ എന്റെ വിജയം എന്ന് പറയുന്നത് എന്റെ മാത്രം വിജയമല്ല, അത് പ്രേക്ഷകർ തന്ന വിജയമാണ്. 9 ലക്ഷത്തോളം വോട്ടുകളാണ് എന്നെ വിജയിപ്പിച്ചത്. നീ 20 വർഷത്തോളമായി സിനിമയിൽ നിൽക്കുകയാണ്, നിന്റെ വിഷമങ്ങൾ നമ്മൾ മനസിലാക്കി. നിനക്കൊരു പിടിവള്ളി പോലെ ഞങ്ങൾ ഇത് തരുകയാണ്, ഇനി നീ സിനിമയിലോട്ട് ശ്രദ്ധിക്കണം എന്നായിരുന്നു അവരുടെ ചിന്ത. നമുക്ക് വരുമാനം ഉണ്ടെങ്കിൽ മാത്രമേ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ് ചെയ്യാൻ പറ്റൂ. ഡാൻസ് ആയാലും ഫൈറ്റ് ആയാലും ആക്റ്റിങ് ആയാലും പഠിക്കണമെങ്കിൽ നമുക്ക് വരുമാനം വേണം. സിനിമയിൽ നിന്ന് അങ്ങനെ ഒരു വലിയ വരുമാനം കിട്ടി തുടങ്ങിയിട്ടില്ല. പക്ഷെ ട്രാക്കിൽ വന്നാൽ നമുക്ക് കിട്ടും'', ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ മണിക്കുട്ടൻ പറഞ്ഞു.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming