ബാഹുബലിയുടെ രണ്ടാം ഭാഗം 1700 കോടി നേടി പ്രദര്‍ശനം തുടരുമ്പോള്‍ സിനിമയിലെ വലിയൊരു ആശയകുഴപ്പം കണ്ടു പിടിച്ചിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് രാജമൗലിയെ പോലും അതിശയിപ്പിക്കുന്ന സംശയം പ്രചരിക്കുന്നത്്. സിനിമയിലെ വളരെ പ്രധാനപ്പെട്ട രംഗങ്ങളിലാണ് ഈ തെറ്റ് സംഭവിച്ചത്.
ബല്ലാല ദേവയ്ക്ക്, ദേവസേനയെ വിവാഹം ആലോചിക്കാന്‍ ബല്ലാല ദേവയുടെ വാള്‍ ശിവഗാമി ദേവി കുന്തള രാജ്യത്തേയ്ക്ക് കൊടുത്തയയ്ക്കുന്നു. വാളുമായി പരിവാരങ്ങള്‍ കുന്തളയില്‍ എത്തുന്നു. രാജ സദസ്സില്‍ ശിവഗാമി ദേവിയുടെ മകന്‍റെ വാള്‍ വെച്ച് കാര്യം അവതരിപ്പിക്കുന്നു. ഈ സമയം ഇതെല്ലാം കണ്ടും കേട്ടും കട്ടപ്പ നില്‍ക്കുന്നുണ്ട്. ഇനിയാണ് പ്രേക്ഷകരെ കുഴക്കിയ സംശയം.
ബാഹുബലിയുടെ വാളാണ് കൊടുത്തു വിട്ടിരിക്കുന്നതെന്ന് എന്തുകൊണ്ട് കട്ടപ്പ ചിന്തിച്ചു. ബാഹുബലി എപ്പോഴും വാള്‍ കൂടെ കൊണ്ടു നടക്കാറുണ്ട്. കുന്തളയില്‍ എത്തുമ്പോഴും വാള്‍ എടുത്തിട്ടുണ്ട്. ഭല്ലാല ദേവന്റെ വാളും കട്ടപ്പയ്ക്ക് നന്നായി അറിയാം.
എന്നിട്ടും കട്ടപ്പ എന്തു കൊണ്ട് അങ്ങനെ ചിന്തിച്ചു. കട്ടപ്പ പോട്ടെ അമ്മ മകന്‍റെ വാള്‍ കൊടുത്തു വിട്ടു കല്ല്യാണം ആലോചിച്ച കാര്യം പറയുമ്പോള്‍ സ്വന്തം വാള്‍ കയ്യിലുണ്ടെന്നറിയാവുന്ന ബാഹുബലി എന്തുകൊണ്ട് തെറ്റിദ്ധരിച്ചു. ഇതാണിപ്പോള്‍ ആരാധകരെ കുഴയ്ക്കുന്നത്. ഇനിയിപ്പോള്‍ ഇതിനുള്ള ഉത്തരം രാജമൗലി തന്നെ നല്‍കേണ്ടി വരും.
