ബോളിവുഡ് താരം മിഥുൻ ചക്രവർത്തിയുടെ മകൻ മഹാക്ഷയ് വിവാഹിതനായി. 

ദില്ലി: ബോളിവുഡ് താരം മിഥുൻ ചക്രവർത്തിയുടെ മകൻ മഹാക്ഷയ് വിവാഹിതനായി. പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയതിന് ശേഷമായിരുന്നു മഹാക്ഷയുടെ വിവാഹം. സംവിധായകന്‍ സുഭാഷ് ശര്‍മയുടെയും നടി ഷീല ശര്‍മയുടെയും മകൾ മദാലസ ശര്‍മയാണ് വധു. ഊട്ടിയില്‍ വച്ചായിരുന്നു വിവാഹം. മദാലസയുമായുള്ള വിവാഹ ചിത്രങ്ങള്‍ മഹാക്ഷയ് തന്നെയാണ് പുറത്തുവിട്ടത്. കഴിഞ്ഞ ഞായറാഴ്ച്ച ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയമായിരുന്നു. എന്നാല്‍ വിവാഹവേദിയില്‍ പൊലീസ് എത്തിയതിനെ തുടര്‍ന്ന് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. 

Scroll to load tweet…

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് കാട്ടി നടിയും മഹാക്ഷയുടെ മുൻകാമുകിയുമായ യുവതി നല്‍കിയ പരാതിയിൻമേലാണ് പൊലീസ് കേസെടുത്തത്. യുവതിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മിഥുൻ ചക്രവർത്തിയുടെ ഭാര്യ യോഗിത ബാലിക്കുമെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മകനുമായുള്ള ബന്ധം തുടരുകയാണെങ്കിൽ വലിയ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് ബാലി യുവതിയെ ഭീഷണിപ്പെടുത്തിയതായാണ് പരാതി. വഞ്ചനക്കുറ്റം, പീഡനം, ഭീഷണിപ്പെടുത്തൽ എന്നിവയാണ് യുവതി പരാതിയിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ. വിവാഹം വാഗ്ദാനം നല്‍കിയാണ് ശാരീരികമായി പീഡിപ്പിച്ചതെന്നും ​തന്‍റെ സമ്മതത്തോടെയല്ലാത്ത ഗര്‍ഭച്ഛിദ്രം നടത്തിയെന്നും യുവതി ആരോപിക്കുന്നു.

2015 മുതല്‍ മഹാക്ഷയും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. 2008ല്‍ 'ജിമ്മി'യെന്ന ചിത്രത്തിലൂടെയാണ് മഹാക്ഷയ് ചക്രവര്‍ത്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അച്ഛനൊപ്പം 'ലൂട്ട് ആന്‍ഡ് എനിമി' എന്ന ചിത്രത്തിലും മഹാക്ഷയ് അഭിനയിച്ചിട്ടുണ്ട്. വിക്രം ഭട്ടിന്റെ 'ഹോണ്ടഡ്' ആണ് മഹാക്ഷയുടെ റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം.