ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് ഓസ്കർ ചടങ്ങ് ബഹിഷ്കരിച്ച ഇറാനിയൻ സംവിധായകൻ അസ്ഗര്‍ ഫര്‍ഹാദിയുടെ അസാന്നിധ്യമാണ് നിശയിൽ ഏറ്റുവുമധികം ശ്രദ്ധേയമായത്. ഫര്‍ഹാദിയുടെ ചിത്രം ദി സെയ്ല്‍സ്മാന്‍ ഓസ്‌കറില്‍ മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയപ്പോള്‍ വന്‍ നാടകീയതക്കാണ് വേദി സാക്ഷ്യം വഹിച്ചത്.
ഫര്‍ഹാദിക്ക് പകരം ആദ്യ വനിതാ ബഹിരാകാശ വിനോദസഞ്ചാരി അനൗഷ അന്‍സാരി പുരസ്കാരം ഏറ്റുവാങ്ങി. ഓസ്‌കര്‍ ചടങ്ങില്‍ ഒരാള്‍ക്ക് പകരം പുരസ്‌കാരം ഏറ്റുവാങ്ങനുള്ള നിയമമില്ലെങ്കിലും ഫര്‍ഹാദിക്ക് വേണ്ടി സംഘാടകർ ഇത്തവണ മുതല്‍ നിയമത്തില്‍ മാറ്റം വരുത്തുകയായിരുന്നു. അനൗഷ അന്‍സാരി ഇറാനിയന്‍ സംവിധായകന്‍റെ കുറിപ്പ് ചടങ്ങില്‍ വായിച്ചു.
"ഈ പുരസ്കാരനിശയില്‍ നിങ്ങളോടൊപ്പമില്ലാത്തതില്‍ എനിക്ക് ഖേദമുണ്ട്. മനുഷ്യത്വവിരുദ്ധമായ കുടിയേറ്റ വിലക്കിലൂടെ അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട എന്‍റെ രാജ്യത്തെ ജനതക്കും അപമാനിക്കപ്പെട്ട മറ്റ് ആറ് രാജ്യങ്ങള്‍ക്കും വേണ്ടിയാണ് ഞാന്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്".
"ഞങ്ങളും ഞങ്ങളുടെ ശത്രുക്കളും എന്ന് ലോകത്തെ വിഭജിക്കുന്നത് ഭയം ജനിപ്പിക്കും. യുദ്ധങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ന്യായീകരണം കണ്ടെത്താനുള്ള കുടിലതന്ത്രമാണിത്. യുദ്ധങ്ങള്‍ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുമെതിരാണ്. ദേശീയതയെയും മതങ്ങളെയും സംബന്ധിച്ച വാര്‍പ്പ്മാതൃകകളെ തകര്‍ക്കാന്‍ സിനിമയെടുക്കുന്നവര്‍ക്ക് കഴിയും. 'ഞങ്ങള്‍'ക്കും 'അവര്‍'ക്കുമിടയില്‍ താദാത്മ്യപ്പെടുന്നവരാണവര്‍. ഈ താദാത്മ്യപ്പെടല്‍ മുന്‍പത്തേക്കാള്‍ ആവശ്യമുള്ള കാലമാണിത്"- ഫര്‍ഹാദിയുടെ വാക്കുകള്‍ നിലയ്ക്കാത്ത കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്.
ട്രംപിന്‍റെ പുതിയ ട്വീറ്റ് വല്ലതുമുണ്ടോയെന്ന് സമാപനച്ചടങ്ങിനിടയിലും പരിഹാസ രൂപേണ അവതാരകന്‍ ചോദിക്കുന്നുണ്ടായിരുന്നു.
