മുംബൈ : ഗായകന്‍ മിക്ക സിംഗിനെതിരെ ലൈംഗികാരോപണം. ഗായകന്‍റെ വീട്ടില്‍ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് മോഡലിന്‍റെ പരാതി. വെര്‍സോവ പോലീസിലാണ് ഗായകനെതിരെ മോഡല്‍ പരാതി നല്‍കിയിരിക്കുന്നത്. 

സംഭവത്തില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. മിക്കയുടെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്ന വ്യക്തിയാണ് പരാതിക്കാരിയെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരാതിയെക്കുറിച്ച് അന്വേഷിച്ചു വരികയാണ്. 

പ്രാഥമിക അന്വേഷണത്തിനു ശേഷം മാത്രമേ മറ്റു നടപടികളിലേക്ക് കടക്കുകയുള്ളൂയെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 
അതേസമയം തന്നില്‍ നിന്നും പണം തട്ടാനാണ് മോഡല്‍ ഇത്തരമൊരു പരാതി മോഡല്‍ നല്‍കിയതെന്ന് മിക്ക സിംഗ് പ്രതികരിച്ചു. മോഡലിനെതിരെ മിക്കയും പരാതി നല്‍കി. 

അഞ്ച് കോടി രൂപ വേണമെന്നായിരുന്നു മോഡലിന്‍റെ ആവശ്യം. പണം നല്‍കിയില്ലെങ്കില്‍ തന്‍റെ പേര് ചീത്തയാക്കുമെന്ന് ഭീഷണിപ്പെടുത്തി. തന്നില്‍ നിന്നും പണം തട്ടാനൊരുങ്ങിയ മോഡലിനെ താന്‍ അതിന് അനുവദിക്കാത്തതാണ് പരാതിക്കിടയാക്കിയതെന്നും മിക്ക പരാതിയില്‍ വ്യക്തമാക്കുന്നു.