മോഡലിംഗ് രംഗത്ത് നേരിടേണ്ടി വന്ന ലൈംഗിക ചൂഷണങ്ങള്‍ തടയാന്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പ്രമുഖ മോഡല്‍ സാറ സിഫ്. മോഡലുകള്‍ക്കായി മോഡല്‍ അലയന്‍സ് എന്ന സന്നദ്ധ സംഘടന രൂപീകരിച്ച സാറ, തനിക്കും ലൈംഗിക ചൂഷണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് പറയുന്നു.

അമേരിക്കയിലെ എല്ലാ കൗമാരക്കാരിയെയും പോലെതന്നെ മോഡലിംഗ് രംഗത്തേയ്‍ക്ക് ഞാനും ആകര്‍ഷിക്കപ്പെട്ടിരുന്നു. പക്ഷേ മോഡലിംഗ് രംഗം എനിക്ക് അന്യമായിരുന്നു. പതിനാലാം വയസില്‍, മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കാന്‍ വേണ്ടി ഒരു ഏജന്‍സിയുമായി ഒപ്പിട്ടു. ന്യൂയോര്‍ക്കില്‍ ഒരു ഫോട്ടോഗ്രാഫറുടെ സ്റ്റുഡിയോയിലായിരുന്നു കാസ്റ്റിംഗിനായി പോകേണ്ടി വന്നത്. ഏജന്‍സിക്കാര്‍ അവസരത്തെ കുറിച്ച് പറഞ്ഞത് വളരെ വൈകിയായതിനാല്‍ മാതാപിതാക്കള്‍ക്ക് എനിക്കൊപ്പം വരാന്‍ കഴിഞ്ഞിരുന്നില്ല. കാസ്റ്റിംഗിനായി പോയപ്പോള്‍ ഫോട്ടോഗ്രാഫര്‍ എന്നോട് ആദ്യം ആവശ്യപ്പെട്ടത് വസ്‍ത്രം അഴിക്കാനായിരുന്നു. മാറിടം പോലും വളര്‍ന്നിട്ടില്ലാത്ത ആ പ്രായത്തില്‍ എന്നോട് ടോപ്‍ലെസ് ആയി നില്‍ക്കാനായിരുന്നു ആവശ്യപ്പെട്ടത്. അത് അനുസരിക്കേണ്ടി വന്നു. ജോലി കിട്ടുമോ എന്നു മാത്രമായിരുന്നു അന്ന് ഞാന്‍ ചിന്തിച്ചത്- സാറ സിഫ് പറയുന്നു.

മോഡലിംഗ് രംഗത്തേക്ക് വരുന്ന പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ അവകാശങ്ങളെപ്പറ്റിയുള്ള അറിവില്ലായ്‍മയോ അതിക്രമങ്ങളെ ചെറുക്കാനുള്ള തന്റേടമോ ഉണ്ടാകാറില്ലെന്നു സാറ സിഫ് പറയുന്നു. കാസ്റ്റിംഗിനും ഫോട്ടോഷൂട്ടിനും വരുന്ന മോഡല്‍, ഫോട്ടോഗ്രാഫര്‍ ആവശ്യപ്പെട്ടപ്രകാരമോ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമോ വിവസ്‍ത്രയാകാന്‍ സമ്മതിച്ചാല്‍തന്നെ അത് സോപാധികമായ ഒരു സമ്മതം നല്‍കലല്ല. ഒരു മോഡല്‍ നഗ്നയാകാനോ, അര്‍ദ്ധ നഗ്നയാകാനോ അല്ലെങ്കില്‍ ലൈംഗികമായി സ്‍പര്‍ശിക്കാന്‍ സമ്മതിച്ചാല്‍ തന്നെ മുഴുവന്‍ കാര്യങ്ങളിലും ഇരുകൂട്ടരും ഷൂട്ടിന് മുന്നേ ധാരണയിലെത്തണം. അങ്ങനയല്ലെങ്കില്‍ അത് കലയല്ല. അത് ലൈംഗിക അതിക്രമമാണ്- സാറ സിഫ് പറയുന്നു.