സംപ്രേഷണം ആരംഭിച്ച് പെട്ടന്നുതന്നെ പ്രേക്ഷകപിന്തുണ ലഭിച്ച പരമ്പരയാണ് മൊഹബത്ത്. കൗതുകമുണര്‍ത്തുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ക്കാണ് ഈ പരമ്പരയില്‍ പ്രേക്ഷകര്‍ ഇതുവരെ സാക്ഷ്യം വഹിച്ചത്. മനോഹരമായ പ്രണയകഥ പറയുന്ന മൊഹബത്തിന്റെ പശ്ചാത്തലം ജിന്നും മാന്ത്രികവിദ്യകളും നിറഞ്ഞ നാടോടിക്കഥയാണ്. അമന്‍, റോഷ്‌നി എന്നീ കഥാപാത്രങ്ങളെ മുന്‍നിര്‍ത്തിയാണ് കഥ മുന്നോട്ടുപോകുന്നത്.

അമന്റെ ഉപ്പ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി അമനെ ജിന്നിനു നല്‍കിക്കൊണ്ട് സ്വത്തുക്കള്‍ സമ്പാദിച്ചു എന്നാണ് ഇത്രയുംനാള്‍ പരമ്പര പറഞ്ഞുവച്ചത്. എന്നാല്‍ കഴിഞ്ഞ എപ്പിസോഡുകളില്‍ കഥയാകെ മാറിമറിയുകയാണ്. റോഷ്‌നിയെ ജിന്ന് കൊന്നതിന്റെ വിഷമത്തിലാണ് അമന്‍. വിരഹത്തിന്റെ വേദന അമനെ ആകെ തളര്‍ത്തിക്കളഞ്ഞിരിക്കുന്നു. അതേസമയം ജിന്ന് വീട്ടിലേക്കെത്തുകയും അമന്റെ ഉമ്മയെ കാണുകയും ചെയ്യുന്നുണ്ട്. അപ്പോഴാണ് ആ സത്യം എല്ലാവരോടുമായി ഉമ്മ പറയുന്നത്. ജിന്ന് എന്ന് കരുതിയ ആ ശക്തി, യഥാര്‍ത്ഥത്തില്‍ അമന്റെ സഹോദരന്‍ തന്നെയാണ്. അമന്റെ ഇരട്ടസഹോദരനെയാണ് അമന്റെ ഉപ്പ ജിന്നിന് നല്‍കിയത്, ഇക്കാലമത്രയും അമന്റെ ഉമ്മ സത്യങ്ങള്‍ അമനില്‍നിന്നും മറ്റും മറച്ചിരിക്കുകയായിരുന്നു!

എന്നാല്‍ ഞെട്ടിക്കുന്ന മറ്റൊരു വസ്തുതയായി പുറത്തുവരുന്നത്, അമന്റെ ഉമ്മ തന്നെയാണ് യഥാര്‍ത്ഥത്തില്‍ അന്ധകാരത്തിന്റെ അധിപ എന്നതാണ്. വീട്ടിലെത്തിയ അമന്റെ ഇരട്ടസഹോദരനും അമന്റെ ഉമ്മയും തമ്മിലുള്ള സംഭാഷണങ്ങളും പ്രവൃത്തിയും അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അമന്റെ ഉമ്മ തന്നെയാണ് ഇതുവരെ നടന്ന എല്ലാ പ്രശ്‌നങ്ങളുടെയും കാരണക്കാരി. കൂടാതെ മരണപ്പെട്ട റോഷ്‌നി പുനര്‍ജനിച്ചുവരികയുമാണ്. എന്താണ് റോഷ്‌നിയുടെ വരവിന്റെ ഉദ്ദേശ്യം എന്നത് തീര്‍ത്തും അജ്ഞാതവുമാണ്.

വരും ദിവസങ്ങളില്‍ പരമ്പര കൂടുതല്‍ കലുക്ഷിതമാകുമെന്നതില്‍ അതിശയമില്ല. എന്നാല്‍ എന്താകും പരമ്പര ഒളിപ്പിച്ചിരിക്കുന്ന ആകാംക്ഷയൂറുന്ന മുഹൂര്‍ത്തങ്ങള്‍ എന്നറിയാന്‍ കാത്തിരിക്കുക തന്നെവേണം.