ഫഹദ് തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തനി ഒരുവന്‍ എന്ന ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകന്‍ മോഹന്‍രാജ് ഒരുക്കുന്ന ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുന്നത്.

അരവിന്ദ് സ്വാമിയുടെ സിദ്ധാര്‍ത്ഥ് അഭിമന്യുവിനേക്കാള്‍ സുന്ദരനും ശക്തനുമായ വില്ലന്‍. മോഹന്‍രാജ പുതിയ ചിത്രം ഒരുക്കുന്പോള്‍ ഫഹദ് ആരാധകര്‍ പ്രതീക്ഷിക്കുന്നത് അതാണ്. കഴിഞ്ഞ വര്‍ഷം തമിഴില്‍ മികച്ച വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് തനി ഒരുവന്‍. മോഹന്‍രാജ തന്നെയാണ് തന്‍റെ പുതിയ ചിത്രത്തില്‍ ഫഹദ് എത്തിയേക്കുന്ന സൂചന ട്വീറ്റ് ചെയ്തത്. ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായകന്‍. നയന്‍താരയാണ് നായിക. ചിത്രത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

അരവിന്ദ് സ്വാമിയുടെ തിരിച്ച് വരവ് ആഘോഷമാക്കിയ ചിത്രമായിരുന്നു തനി ഒരുവന്‍. വ്യത്യസ്മായ വില്ലന്‍ ഗെറ്റപ്പില്‍ അരവിന്ദ് സ്വാമി എത്തിയപ്പോള്‍ ആരാധകര്‍ രണ്ടുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
മോഹന്‍രാജയുടെ പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലിലും വ്യത്യസ്തമായ വില്ലന്‍ ഗെറ്റപ്പായിരിക്കും എന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മഹേഷിന്‍റെ പ്രതികാരത്തിലെ അപ്പാവിയില്‍ നിന്ന് വില്ലനായുള്ള ഫഹദ് ഫാസിലിന്‍റെ ലുക്ക് എങ്ങിനെയാണ് എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.