ഞായറാഴ്ച വൈകിട്ട് 7 മുതല്‍

ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ മുഖച്ഛായ മാറ്റിയ ബിഗ് ബോസ് മലയാളത്തിലേക്കും എത്തുകയാണ്. മോഹന്‍ലാല്‍ അവതാരകനാകുന്ന ഷോ ഏഷ്യാനെറ്റില്‍ 24 ഞായറാഴ്‍ച വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കും. സല്‍മാന്‍ ഖാനും കമല്‍ ഹാസനുമടക്കമുള്ളവര്‍ പല ഭാഷകളില്‍ ഇതേ ഷോകള്‍ അവതരിപ്പിച്ചത് പ്രേക്ഷകര്‍ കണ്ടതാണ്. ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ മലയാളത്തിലെത്തുമ്പോള്‍ എന്തൊക്കെയാണ് പ്രതീക്ഷിക്കാനുള്ളത്? എന്തുകൊണ്ട് ഈ ഷോയില്‍ അവതാരകന്‍റെ കസേരയിലേക്ക് വരാന്‍ തീരുമാനിച്ചു? മോഹന്‍ലാല്‍ പറയുന്നു.. 

"ബിഗ് ബോസിലേക്ക് വരാന്‍ ഒരുപാട് കാരണങ്ങളുണ്ട്. ഞാന്‍ ഒരു പെര്‍ഫോമര്‍ ആണല്ലോ. സിനിമ കൂടാതെ നാടകങ്ങളും മാജിക്ക് ഷോകളുമൊക്കെ ചെയ്‍തിട്ടുണ്ട്. ഇവിടെയും വിദേശത്തുമായി മറ്റ് ഷോകളും. ഇത് ലോകത്തിലെ ഏറ്റവും വലിയൊരു റിയാലിറ്റി ഷോയാണ്. ലോകത്തിലെ ഒരുപാട് ഭാഷകളില്‍ അത് വന്നിട്ടുണ്ട്. ഇന്ത്യയില്‍ത്തന്നെ തെലുങ്ക്, തമിഴ്, ഹിന്ദി, മറാഠി ഭാഷകളില്‍ മുന്‍പ് വന്നിട്ടുണ്ട്. അതൊക്കെ അവതരിപ്പിച്ചിരിക്കുന്നത് അവിടങ്ങളിലെ വലിയ നടന്മാരാണ്. അതിനാല്‍ എന്നെ ഇതിലേക്ക് ക്ഷണിച്ചു എന്നതുതന്നെ വലിയൊരു അംഗീകാരമായി കാണുന്നു. പിന്നെ, വെല്ലുവിളി ഉയര്‍ത്തുന്ന ഒരു ഷോയാണ് ഇത്. 16 പേര്‍ ഒരു വീട്ടില്‍ 100 ദിവസം താമസിക്കുന്നു. 16 പേര്‍ക്ക് 16 സ്വഭാവങ്ങളാണ്. അവതാരകന്‍ എന്ന നിലയില്‍ അവരെയൊക്കെ ഒരുമിച്ച് കൊണ്ടുപോവുക വെല്ലുവിളിയാണ്. ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ എനിക്കും രസകരമായി തോന്നിയ കാര്യമാണത്. സാധാരണ ചെയ്യുന്നില്‍ നിന്ന് മാറി എന്തെങ്കിലും ചെയ്യുന്നതിലുള്ള സംതൃപ്തിയുണ്ട് ഈ ഷോ സ്വീകരിച്ചപ്പോള്‍. മലയാളികള്‍ക്ക് പ്രിയങ്കരമായ ഏഷ്യാനെറ്റ് ചാനലിന്‍റെ 25ാം വര്‍ഷത്തില്‍ അതിലൂടെയാണ് ഈ ഷോ എന്നതും വലിയ കാര്യമാണ്.."

16 മത്സരാര്‍ഥികള്‍ 100 ദിവസം ആ വീട്ടില്‍ എന്താവും ചെയ്യുക എന്നതിനെക്കുറിച്ച് തനിക്കും അറിയില്ലെന്ന് ചോദ്യത്തിന് മറുപടിയായി പറയുന്നു മോഹന്‍ലാല്‍. "അതൊക്കെ രഹസ്യമാണ്. എനിക്കുതന്നെ അറിയില്ല. 16 പേര്‍ ആരാണെന്നതും എനിക്കറിയില്ല. അതാണ് അതിന്‍റെ ത്രില്‍. അവര്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതിന് കുറെ നിയമങ്ങളുണ്ട്. അതിന് ഒരു പുസ്തകവുമുണ്ട്. എന്തൊക്കെ ചെയ്യാം, ചെയ്യാന്‍ പാടില്ല എന്നത് സംബന്ധിച്ച്. പുറംലോകവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ലാന്‍ഡ് ഫോണോ മൊബൈലോ ഇന്‍റര്‍നെറ്റോ ലാപ്‍ടോപ്പോ പത്രങ്ങളോ മാസികകളോ റോഡിയോയോ പേനയോ പേപ്പറോ ഒന്നും അവിടെ അനുവദിക്കില്ല. മനുഷ്യര്‍ സാധാരണ സമയങ്ങളില്‍ സാധാരണമായി പെരുമാറും. എന്നാല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറ്റത്തിലും വ്യത്യാസമുണ്ടാവും. 100 ദിവസം എന്നത് വലിയൊരു കാലയളവാണ്. ഒരു മണിക്കൂര്‍ പോലും തനിച്ചിരിക്കാന്‍ പറ്റാത്ത ഒരുപാട് പേരുണ്ട്. അവര്‍ക്ക് ഇത് വലിയ വെല്ലുവിളി ആയിരിക്കും."

തമിഴിലെ ബിഗ് ബോസ് മാത്രമേ കണ്ടിട്ടുള്ളുവെന്നും അവതാരകനാവാനായി പ്രത്യേകമായി തയ്യാറെടുപ്പുകളൊന്നും ഇല്ലെന്നും പറയുന്നു മോഹന്‍ലാല്‍. ജീവിതം പോലെ അനിശ്ചിതവും ആനന്ദകരവുമായ സാഹചര്യത്തിലേക്കാണ് ആ 16 മത്സരാര്‍ഥികള്‍ വരാന്‍ പോകുന്നതെന്നും സ്പോര്‍ട്‍സോ ഗെയിംസോ ഒക്കെപ്പോലെ വെല്ലുവിളി നിറഞ്ഞ ഒരു കളിയായിട്ടാണ് താന്‍ ബിഗ് ബോസിനെയും കാണുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു. ഏഷ്യാനെറ്റിന്‍റെ ഫേസ്ബുക്ക് ലൈവില്‍ വന്നായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം.