കൊച്ചി: സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് പ്രണവ് മോഹന്‍ലാല്‍. പ്രണവിനെക്കുറിച്ച് മോഹന്‍ലാലിന് എന്താണ് അഭിപ്രായം. ഇതാ ഒടുവില്‍ മോഹന്‍ലാല്‍ മകനെക്കുറിച്ച് പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്‍റെ പ്രതികരണം.

ഓരോരുത്തരുടേയും വിശ്വാസവും ജീവിതവുമാണ് അവരുടെ ആത്മീയത. പ്രാര്‍ത്ഥന കൊണ്ടുള്ള ആത്മീയതയിലൊന്നും പ്രണവിന് വിശ്വാസമില്ല. ഞാനയാളെ ഒരിക്കലും നിര്‍ബന്ധിക്കാറുമില്ല. ഞാന്‍ എന്‍റെതായ ആത്മീയതയില്‍ ജീവിക്കുന്നു. ഞാന്‍ വളര്‍ന്ന അന്തരീക്ഷം അതാണ്. രാവിലെ കുളിച്ച് അമ്പലത്തില്‍ പോകുന്നവരായിരുന്നു എന്റെ കുടുംബത്തില്‍. അതിന് ഞാനും ശ്രമിച്ചിട്ടുണ്ട്. 

എന്നാല്‍ പ്രണവ് രാവിലെ എഴുന്നേറ്റ് നടക്കാന്‍ പോകുന്നതോ അമ്പലത്തില്‍ പോകുന്നതോ ഞാനിതു വരെ കണ്ടിട്ടില്ല. അതിന് പറയുന്നുമില്ല. 23 രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പഠിച്ച റസിഡന്‍ഷ്യല്‍ സ്‌കൂളിലായിരുന്നു അയാള്‍. അപ്പോള്‍ വിശ്വാസവും അങ്ങനെയൊക്കെയാവാം.

ധാരാളം വായിക്കുന്ന അയാളുടെ ചിന്തകളും വിശ്വാസവും ആത്മീയതയുമൊക്കെ അതിലായിരിക്കും. സ്വന്തമായുള്ള തത്വചിന്തയിലാണ് ജീവിതം. അമ്പലത്തില്‍ പോകുന്നത് പോയിട്ട് പ്രാര്‍ത്ഥിക്കുന്നതു പോലും കണ്ടിട്ടില്ല. ഒരു നേരം പ്രാര്‍ത്ഥിക്കുന്നതു കൊണ്ട് എന്താണ് ഗുണമെന്ന് ചോദിക്കും. അയാളോട് തര്‍ക്കിച്ച് കാര്യം തെളിയിക്കാനും എനിക്കാവില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു.