അന്തരിച്ച പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. എന്നെ 'രാജാവിന്‍റെ മകന്‍' എന്ന് ആദ്യം വിളിച്ചയാള്‍.... എന്‍റെ പ്രണവിനെ മൂവി ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തി അഭിനയത്തിന്‍റെ ഹരിശ്രീ പഠിപ്പിച്ചു കൊടുത്ത സംവിധായകന്‍..... പ്രിയപ്പെട്ട തമ്പി കണ്ണന്താനം..... കണ്ണീരോടെ വിട! മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മലയാളസിനിമയുടെ ചരിത്രത്തിൽ മായാത്ത കയ്യൊപ്പ് പതിപ്പിച്ച സംവിധാകനാണ് തമ്പി കണ്ണന്താനം. മോഹൻലാൽ എന്ന നടൻറെ സൂപ്പർതാരപദവിയിലേക്കുള്ള യാത്രയിൽ തമ്പി കണ്ണന്താനം വഹിച്ചത് നിർണായകപങ്ക്.

വിൻസൻറ് ഗോമസ് എന്ന അധോലോകനായകനെ വെള്ളിത്തിരയിൽ അവതരിപ്പിച്ച രാജാവിൻറെ മകൻ. രാഷ്ട്രീയ ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാട്ടിയ ചിത്രം മലയാളികൾ അന്ന് വരെ കണ്ട ത്രില്ലറുകളിൽ നിന്ന് വേറിട്ട് നിന്നു. തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫുമായി ചേർന്ന് പുതുചരിത്രമെഴുതുകയായിരുന്നു തമ്പി കണ്ണന്താനം 80കളിൽ. രാജാവിൻറെ മകൻ മോഹൻലാൽ എന്ന പുതിയ താരരാജാവിനെ സമ്മാനിക്കുന്ന കാഴ്ചയ്ക്കാണ് മലയാളസിനിമ പിന്നീട് സാക്ഷ്യം വഹിച്ചത്. 

ബിസ്സിനസ്സുകാരനായിട്ടാണ് കാഞ്ഞിരപ്പള്ളിക്കാരൻ തമ്പിയുടെ തുടക്കം. ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. പിന്നീട് ക്യാമറക്ക് പിന്നിലേക്ക്. ആദ്യം ശശികുമാറിൻറെയും ജോഷിയുടെയും സഹായിയായി. 83ൽ സ്വതന്ത്രസംവിധായകനായി താവളത്തിലൂടെ അരങ്ങേറ്റം. പിന്നാലെ പാസ്പോർട്ട് , ആ നേരം അല്പദൂരം എന്നീ ചിത്രങ്ങൾ. ആദ്യ 3 സിനിമകളും പരാജയപ്പെട്ടെങ്കിലും നിരാശനാകാതെ മുന്നോട്ട്. രാജാവിൻറെ മകൻ നിർമ്മിച്ച്, സംവിധാനം ചെയ്ത് തമ്പി 1986ൽ വരവറിയിച്ചു. സിനിമയുടെ തമിഴ് തെലുങ്ക് കന്നട റീമേക്കുകളെല്ലാം ഹിറ്റായതോടെ  തമ്പി വെള്ളിത്തിരയിലെ ഹിറ്റ് മേക്കറായി. 

ഭൂമിയിലെ രാജാക്കൻമാർ, വഴിയോരക്കാഴ്ചകൾ, ഇന്ദ്രജാലം, നാടോടി , മാന്ത്രികം , ഒന്നാമൻ തുടങ്ങി മോഹൻലാലുമായി ചേർന്ന് സൂപ്പർഹിറ്റുകൾ പിന്നാലെ. സംവിധായകതൊപ്പി അണിയുന്നതിനൊപ്പം അഭിനേതാവായും നിർമ്മാതാവായും വിതരണമേഖലയിലും നിറഞ്ഞുനിന്ന തമ്പി, ഇടക്കാലത്ത് സിനിമയുടെ തിരക്കുകളിൽ നിന്ന് മാറി നിന്നു. രാജാവിൻറെ മകന് രണ്ടാം ഭാഗം വരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിയോഗം.16 സിനിമകൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ എങ്കിലും തൊട്ടതെല്ലാം പൊന്നാക്കിയ ഹിറ്റ്മേക്കറെ മലയാളസിനിമാപ്രേമികൾ എക്കാലവും ഓർക്കും.