മോഹൻലാലിന്റെ ആക്ഷൻ മികവിനെ കുറിച്ച് ബോളിവുഡിലെ സൂപ്പര്‍ സ്റ്റണ്ട് മാസ്റ്ററിന് പറയാനുള്ളത്

ആക്ഷൻ രംഗങ്ങളിലൂടെയും എന്നും വിസ്‍മയിപ്പിച്ച താരമാണ് മോഹൻലാല്‍. പുലിമുരുകനിലെയും ഒടിയനിലെയും മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങളിലെ മികവ് പ്രമുഖ ആക്ഷൻ കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്‍ന്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ സൂപ്പര്‍ സ്റ്റണ്ട് കൊറിയോഗ്രാഫറും മോഹൻലാലിന്റെ മികവിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുന്നു. നീരാളിയിലെ മോഹൻലാലിന്റെ പ്രകടനമാണ് സുനിൽ റോഡ്രിഗസിനെ അദ്ഭുതപ്പെടുത്തിയിരിക്കുന്നത്.

ആക്ഷൻ പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണ് നീരാളി. നീരാളിയുടെ കൊറിയോഗ്രാഫി ചെയ്‍തിരിക്കുന്നത് ഹാപ്പി ന്യൂ ഇയർ, സ്ലം ഡോഗ് മില്യണയർ, സിംഗം റിട്ടേൺസ്, ദിൽവാലെ തുടങ്ങിയ ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകനാണ്. തികച്ചും സൂക്ഷ്‍മമായ ചലനങ്ങൾ അതി സാഹസിക പ്രതലത്തിൽ ചെയ്‍ത് ഫലിപ്പിക്കുക എന്ന ഒരു വെല്ലുവിളി തന്നെയാണ് സുനിൽ റോഡ്രിഗസ് ചിത്രത്തിൽ ഏറ്റെടുത്ത് അവതരിപ്പിച്ചിരിക്കുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. മോഹൻലാലിനെ പോലെയുള്ള ഒരു താരത്തെ ഡ്യൂപ്പുകളില്ലാതെ ആ വെല്ലുവിളിയുടെ ഭാഗമാക്കി തീർത്ത അദ്ദേഹം ലാലേട്ടൻ തന്നെ അത്ഭുതപ്പെടുത്തിയെന്നും തുറന്ന് പറഞ്ഞിട്ടുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

അജോയ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. സാജു തോമസ് തിരക്കഥ നിര്‍വഹിച്ച നീരാളിയുടെ ഷൂട്ടിംഗ് മുംബൈ, പൂനൈ, ശ്രീലങ്ക എന്നിവിടങ്ങളിലായാണ് നടക്കുന്നത്. ബിഗ് ബജറ്റ് ചിത്രം ഒടിയനൊപ്പമാണ് മോഹൻലാല്‍ ഈ ചിത്രത്തിലും അഭിനയിച്ചത്. പാര്‍വതി നായര്‍, നദിയാ മൊയ്‍തു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.