വിദേശികളെ വിറപ്പിച്ച സാമൂതിരിയുടെ നാവികപട നേതാവ് കുഞ്ഞാലി മരയ്ക്കാരാവാന്‍ മമ്മൂട്ടി തയാറെടുക്കുന്നു.സന്തോഷ് ശിവനാണ് ചിത്രത്തിന്റെ സംവിധായകന്‍. നാലാമത്തെ കുഞ്ഞാലി മരയ്ക്കാരെയാണ് തന്‍റെ ചിത്രത്തിലൂടെ കാണിക്കുന്നതെന്നന് സന്തോഷ് ശിവന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ടി പി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ നിര്‍വഹിക്കുന്നത്.

സിനിമയുടെ ചിത്രീകരണം 2018 ഏപ്രില്‍ ആരംഭിക്കുമെന്നും സംവിധായകന്‍ അറിയിച്ചു. മമ്മൂട്ടി നായകനാകുന്ന കുഞ്ഞാലിമരയ്ക്കാര്‍ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് സിനിമാസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവച്ചത്. സിനിമയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

അതേസയമം പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന കുഞ്ഞാലിമരയ്ക്കാര്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സിനിമയ്ക്കുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഏകദേശം പത്തുമാസമെങ്കിലും വേണ്ടിവരുമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

അന്നത്തെ കാലത്തുള്ള വിവരങ്ങള്‍ ശേഖരിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതാണെന്നും ഇതുവരെ ശേഖരിച്ചത് ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണെന്നും സംവിധായകന്‍ പറഞ്ഞു. ഇതിന് മുന്‍പ് ഒട്ടേറെ കഥകള്‍ കേട്ടിരുന്നു. എന്നാല്‍ കുഞ്ഞാലിമരയ്ക്കാരുടെ കഥയിലാണ് താല്‍പര്യം തോന്നിയതെന്നും പ്രിയദര്‍ശന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 അതേസമയം കുഞ്ഞാലിമരയ്ക്കാര്‍ സിനിമയുടെ തയാറെടുപ്പുകള്‍ നടന്നു വരികയാണെന്ന് പ്രിയദര്‍ശന്‍റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമായിട്ടില്ലെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.