തിരുവനന്തപ്പുരം: നൂറ്റിയഞ്ചാം വയസില്‍ തങ്കമ്മ അമ്മൂമയ്ക്ക് രണ്ടേ രണ്ടു ആഗ്രഹങ്ങളെ ഒള്ളൂ. ലാലേട്ടനെ നേരിട്ട് കണ്ടു പൊന്നാട അണിയിക്കണം, പിന്നെ മരണ ശേഷം തന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ നല്‍കണം. മോഹന്‍ലാലിനെ കാണാനുള്ള അമ്മൂമ്മയുടെ ആഗ്രഹം നടത്താന്‍ പലരും ശ്രമിച്ചെങ്കിലും ഇതുവരെ അതിനായില്ല. കോവളം മുട്ടയ്ക്കാട് കൃപാതീരം അഗതി മന്ദിരത്തിലെ അന്തേവാസിയാണ് മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മുത്തശി അമ്മൂമ്മ.
പൂങ്കുളം സ്വദേശിനി തങ്കമ്മയ്ക്കാണ് ഈ നൂറ്റി അഞ്ചാം വയസിലും തന്റെ ഇഷ്ട താരം മോഹന്‍ലാലിനെ കാണണം എന്നത് വലിയ ആഗ്രഹമാണ്. മോഹന്‍ലാലിനെ ഒരുപാട് ഇഷ്ടമാണെന്നും കാണാന്‍ പറ്റുമോയെന്നും അമ്മൂമ്മ ഇടയ്ക്കിടെ ചോദിക്കാറുള്ളതായി അഗതി മന്ദിരത്തിന്റെ ചുമതലയുള്ള സിസ്റ്റര്‍ റിക്‌സി പറഞ്ഞു. അമ്മൂമ്മയുടെ ഈ ആഗ്രഹം സാധിക്കാന്‍ പല തവണ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലയെന്ന് സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
അമൂമ്മയോട് ഉടന്‍ മോഹന്‍ലാലിനെ മന്ദിരത്തില്‍ കൊണ്ട് വരാമെന്നും നമുക്ക് ഒരു പൊന്നാട ഒക്കെ അണിയിച്ചു ആദരിക്കാം എന്ന് ആശ്വസിപ്പിക്കുന്നത്. 1969 ല്‍ പുറത്തിറങ്ങിയ കള്ളി ചെല്ലമ്മ എന്ന ചിത്രത്തില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നാണ് അമ്മൂമ്മ പറയുന്നത്. ഇതിനെ കുറിച്ച് കൂടുതലൊന്നും ആര്‍ക്കും ആറിയില്ല. തല നിവര്‍ന്നു അധികം നേരം ഇരിക്കാന്‍ പറ്റില്ലെങ്കിലും ടി.വി കാണുന്നത് തങ്കമ്മ അമ്മൂമയ്ക്ക് ഇഷ്ടമാണ്. നാല് വര്‍ഷം മുന്‍പാണ് ഈ മുത്തശ്ശി കൃപാതീരത്ത് എത്തിയത്.
ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും തയ്യാറാക്കിയ പോസ്റ്റര്‍

എല്ലാ തരം ആഹാരവും അമ്മൂമ്മ കഴിക്കും. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം ചിലതില്‍ കൃപാതീരത്തെ സിസ്റ്റര്‍മാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിസ്റ്റര്‍മാരുടെ കൈത്താങ്ങോടെ മന്ദിരത്തിനു ഉള്ളില്‍ നടക്കും. അധികം ആരോടും സംസാരിക്കാറില്ലെങ്കിലും ചോദിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി പറയാറുണ്ട്. അമ്മുമ്മയുടെ അടുത്ത ആഗ്രഹം മരണ ശേഷം തന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി നല്‍കണമെന്നാണ്.
ഈ രണ്ടു ആഗ്രഹങ്ങള്‍ മാത്രമണ് അമ്മ എപ്പോഴും പറയാറുള്ളതെന്ന് സിസ്റ്റര്‍ റിക്‌സി പറഞ്ഞു. മുത്തശി അമ്മൂമ്മയുടെ ലാലേട്ടനെ കാണണം എന്ന ആഗ്രഹം അറിഞ്ഞ് എല്ലാ ബുധാനഴ്ച്ചയും കൃപാതീരത്തെ അന്തേവാസികള്‍ക്ക് ഭക്ഷണം എത്തിക്കുന്ന തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ഒരു പോസ്റ്റര്‍ ഉണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ വഴി പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് വഴി ലാലേട്ടനെ അമ്മൂമ്മയ്ക്ക് മുന്നില്‍ എത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അവര്‍.
