പ്രതിഷേധം ശക്തമായതോടെ ബ്രഹ്മാണ്ഡ സിനിമയായ മഹാഭാരതയുടെ പേരുതിരുത്തി നിര്‍മാതാവും സംവിധായകനും രംഗത്തെത്തി. മലയാളത്തില്‍ രണ്ടാമൂഴം എന്നപേരിലാവും ചിത്രം തിയറ്ററുകളിലെത്തുകയെന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹാഭാരത, രണ്ടാമൂഴം എന്ന പേരിലായിരിക്കും മലയാളത്തില്‍ റിലീസ് ചെയ്യുക. മറ്റ് ഭാഷകളില്‍ മഹാഭാരത എന്ന പേരില്‍ തന്നെയാവും ഇത് പുറത്തിറങ്ങുകയെന്നും സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. എം.ടി.യുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തിന് മഹാഭാരത എന്ന് പേരിട്ടാല്‍ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നു ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല അടക്കമുള്ളവര്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിനിടെയാണ് പേരുമാറ്റം. എന്നാല്‍, ആരുടെയും ഭീഷണി കണക്കിലെടുത്തല്ല ചിത്രത്തിന്റെ മലയാള പതിപ്പിന് രണ്ടാമൂഴമെന്ന് പേരിട്ടതെന്ന് സംവിധായകന്‍ പറഞ്ഞു.
മൂന്ന് മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുക. ആദ്യ ഭാഗത്തിന്റെ ചിത്രീകരണം അബുദാബിയില്‍ ആരംഭിക്കും. നൂറ് ദിവസത്തിനുള്ളില്‍ സിനിമയുടെ കാസ്റ്റിങ് ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി പറഞ്ഞു
ചിത്രീകരണം പൂര്‍ത്തിയായാല്‍ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ച സ്ഥലം മഹാഭാരതം സിറ്റിയായി വികസിപ്പിക്കും. സിനിമയുടെ ചിത്രീകരണത്തിനായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നും ഓഫര്‍ ലഭിച്ചിട്ടുണ്ട്. ആയിരം കോടി രൂപ മുതല്‍മുടക്കില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഇന്ത്യയിലെ പല പ്രമുഖ നടീനടന്മാരും വേഷമിടുമെന്നും ഇരുവരും വ്യക്തമാക്കി.
