പ്രിയദര്‍ശന്‍ കൂട്ടിക്കെട്ടില്‍ ചരിത്ര പുരുഷന്‍ കുഞ്ഞാലി മരയ്ക്കാരാവാന്‍ ഒരുങ്ങി മോഹന്‍ലാല്‍.  'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന പുതിയ ചിത്രത്തിന്‍റെ ഭാഗമായ വിവരം മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്ക് വഴി ആരാധകരെ അറിയിച്ചത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറിലാണ് മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ ചിത്രമായ മരക്കാര്‍ ഒരുങ്ങുന്നത്. കോണ്‍ഫിഡന്‍റ് ഗ്രൂപ്പും മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റുമാണ് സഹനിര്‍മാതാക്കള്‍.

പ്രണവ് മോഹന്‍ലാലാണ് ചിത്രത്തില്‍ കുഞ്ഞാലിമരയ്ക്കാറിന്‍റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി മധുവാണ് വേഷമിടുന്നത്. കുട്ട്യാലി മരയ്ക്കാര്‍ എന്നാണ് മധുവിന്റെ കഥാപാത്രത്തിന്റെ പേര്. സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവടങ്ങളാണ് പ്രധാന ലൊക്കേഷന്‍. നെടുമുടി വേണു, സിദ്ദിഖ്, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിലുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. 

സിനിമയുടെ ചിത്രീകരണം ഡിസംബര്‍ ഒന്നുമുതലാണ് ഹൈദരാബാദില്‍ ആരംഭിച്ചത്. ചിത്രത്തിനായുള്ള വലിയ കപ്പലുകളുടെ നിര്‍മാണം നേരത്തെ ഹൈദരാബാദിലെ റാമോജി ഫിലിം സ്റ്റുഡിയോയില്‍ തുടങ്ങിയിരുന്നു. ബാഹുബലിക്ക് സെറ്റൊരുക്കിയ മലയാളി സാബു സിറിളാണ് ചിത്രത്തിന്‍റെ കലാ സംവിധാനമൊരുക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവ് തിരുവാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറിലാണ് മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ ചിത്രമായ മരക്കാര്‍ ഒരുക്കുന്നത്. ആശിര്‍വാദിന്‍റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്. 100 കോടിയാണ് ബജറ്റ്.